#എം.ബി. സന്തോഷ്
തിരുവനന്തപുരം: അന്തംവിട്ടുപോവുന്ന ആരോപണങ്ങളുടെ പെരുമഴ നനഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട് തിളക്കമാർന്ന ജയത്തോടെ തുടർഭരണം നേടിയ രണ്ടാം പിണറായി വിജയൻ സർക്കാരിനെ വിടാതെ വിവാദങ്ങൾ പിന്തുടരുമ്പോഴും അതിനൊന്നും വ്യക്തമായ മറുപടി പറയാതെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് രണ്ടാം വാർഷികാഘോഷത്തലേന്നും മുഖ്യമന്ത്രിയും മന്ത്രിമാരും.
യുഡിഎഫും ബിജെപിയും നേതൃത്വം നൽകുന്ന പ്രതിപക്ഷം ആരോപണങ്ങൾ കോരിച്ചൊരിയുമ്പോഴും അതിനെയൊന്നും കൂസാതെയാണ് എൽഡിഎഫ് മന്ത്രിസഭയുടെയും നായകന്റെയും പ്രയാണം. സർക്കാർ നാളെയാണ് രണ്ടാം വാർഷികം ആഘോഷിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയലുണ്ട്. ഈ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ വിമർശനങ്ങളും സമരപ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിന് ഒരു സമരവും ആവേശമുയർത്തുന്ന പരിസമാപ്തിയിലെത്തിക്കാൻ സാധിച്ചിട്ടുമില്ല.
അധികാരമേറ്റതിനു പിന്നാലെ, സ്വപ്നപദ്ധതിയായ സിൽവർലൈനിന് വേണ്ടത്ര മുന്നൊരുക്കമോ കൂടിയാലോചനയോ ഇല്ലാതെ മഞ്ഞക്കുറ്റിയുമായി വീടുകളിലേയ്ക്കും പറമ്പുകളിലേയ്ക്കും പാഞ്ഞുകയറിയ ഉദ്യോഗസ്ഥ സംഘത്തെ ജനം ഒന്നിച്ചെതിർക്കുത്തു. തുടർന്ന് പിന്നോട്ടു പോകേണ്ടി വന്ന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ എതിർപ്പ് പിടിവള്ളിയായി. മുഖ്യമന്ത്രിയുടെ പൊലീസ് വകുപ്പ് മിക്കപ്പോഴും ജനവിരുദ്ധമായി. 8 വയസുകാരിയെ അപമാനിച്ച പിങ്ക് പൊലീസ്, മാങ്ങാ മോഷണം, സഹപ്രവർത്തകന്റെ മാല മോഷണം, കസ്റ്റഡി മരണം, തട്ടിപ്പുകാരും ഗുണ്ടകളുമായുമുള്ള അവിശുദ്ധ ബന്ധം തുടങ്ങി കൊട്ടാരക്കരയിൽ ജോലിയ്ക്കിടെ ഹൗസ് സർജനായ ഡോ. വന്ദനാ ദാസ് കൊലചെയ്യപ്പെട്ട സംഭവം ഉൾപ്പെടെയുള്ളവയിൽ പൊലീസ് പ്രതിക്കൂട്ടിലായി.
ഒടുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണങ്ങളുമായി പരസ്പരം മത്സരിച്ചു. പതിവുപോലെ ആദ്യം മിണ്ടാതിരുന്ന സർക്കാർ പിന്നാലെ നിയമ മന്ത്രി പി. രാജീവിനെ രംഗത്തിറക്കി. അതിനുശേഷം സിപിഎമ്മും ഓർഡർ ലഭിച്ച കമ്പനിയും ആരോപണങ്ങൾ തള്ളി. ഈ വിവാദം കോടതിയിലേക്കു പോവുകയാണെന്നാണ് സൂചന.
താനൂർ ബോട്ടപകടത്തിലെ ഉദ്യോഗസ്ഥ വീഴ്ച വെളിപ്പെട്ടതിനു പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ മുഖം രക്ഷിച്ചു. നികുതി വർധന മുതൽ പെട്രോൾ സെസ് വരെയുള്ളവ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനത്തിന് തിരിച്ചടിയായി. ഗവർണർ- സർക്കാർ ഏറ്റുമുട്ടൽ ഒരു ഘട്ടത്തിൽ നിയമസഭാ സമ്മേളനം ചേരുന്നതിനെ വരെ ബാധിച്ചെങ്കിലും ഇപ്പോൾ ഗവർണർ സമരസപ്പെട്ടു പോവുന്നത് സർക്കാരിന് ആശ്വാസമാണ്.
ലൈഫ് മിഷനിലൂടെ 3.70 ലക്ഷം വീടുകളുടെ പൂർത്തീകരണം സർക്കാരിന് പൊൻതൂവലായി. കിഫ്ബിയിലൂടെ 50,000 കോടി രൂപയുടെ വികസനമെന്ന് പ്രഖ്യാപിച്ചത് ഇപ്പോൾ 80,000 കോടിയായെന്നാണ് അവകാശവാദം. പ്രധാന പാതകൾ മുതൽ സ്കൂളുകളും ആശുപത്രികളും പാലങ്ങളും സംസ്ഥാനത്തൊട്ടാകെ പൂർത്തീകരിച്ചതിന് വ്യാപക സ്വാഗതമാണ് ലഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വരിഞ്ഞുകെട്ടലുകൾക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ വൻ കുതിപ്പ് ഉണ്ടായതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് "കേരളം ശ്രീലങ്കയാവുന്നു' എന്നാരോപിച്ചവർക്കുള്ള മറുപടിയായി.
ഇന്ത്യയിലാദ്യമായി വാട്ടർ മെട്രൊ തുടങ്ങിയതിന്റെ ഉദ്ഘാടനത്തിനെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി, മത്സ്യത്തൊഴിലാളികൾക്കുള്ള ആശ്വാസം മുതൽ അതിദാരിദ്ര്യ നിർമാർജനം വരെയുള്ള പദ്ധതികൾ വരെ സർക്കാരിന് തലയുയർത്തി നിൽക്കാൻ സഹായകമായി. കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കു വച്ച വെള്ളൂരിലെ എച്ച്എന്എൽ ഏറ്റെടുത്ത് വിജയത്തിലെത്തിച്ച അത്യപൂർവ കഥയാണ് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റേത്.