തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാന് എന്നയാള്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.
മുഖ്യമന്ത്രി അപ്പോഴേക്കും താഴെ ഇറങ്ങിയതിനാല്‍ ഇയാള്‍ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഓടിച്ചെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തിൽ മുഖ്യമന്ത്രി പരിഭ്രാന്തനായി. മന്ത്രി അഹമ്മദ് ദേവര്കോവിനടുത്തു തന്നെയായി മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു.
ഉടനെ തന്നെ പൊലീസ് ഇയാളെ ഓടിയെത്തി പിടിച്ചുമാറ്റി. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേഗിയിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനടെയും ഇയാൾ കയർക്കുകയും ചെയ്തു.