തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു. ശനിയാഴ്ച മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാൽ എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ-പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോവുകയായിരുന്നു.
ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയത്. പ്രായമായവരും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ റേഷൻ കടകളിൽ കാത്തു കെട്ടി നിൽക്കുന്നത്. ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും ഇ-പോസ് മെഷീന്‍റെ ഇപ്പോഴത്തെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ച് മസ്റ്ററിങ് നടപടികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, 2 ദിവസമായി റേഷന്‍ കടകളിലെല്ലാം സാങ്കേതികപ്രശ്നങ്ങള്‍ നേരിടുകയാണ്.