കളമശേരി: കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഷാഫി പറമ്പിൽ എംഎൽഎ സ്പീക്കർക്ക് പരാതി നൽകി. പൊലീസിനെതിരെ നടപടി വേണമെന്നാണ് പരാതിയിലെ അവശ്യം. ഒരു പ്രകോപനവും ഇല്ലാതെ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ നടത്തിയ മാർച്ചാണു സംഘർഷത്തിൽ കലാശിച്ചത്. കെഎസ് യു നേതാവ് മിവ ജോളിക്കെതിരെ നടത്തിയ അതിക്രമത്തിൽ പൊലീസ് നടപടിയെടുക്കാത്തതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മാർച്ച്. ഷാഫി പറമ്പിൽ എംഎൽഎയാണു മാർച്ച് ഉദ്ഘാടനം ചെയ്തത്.
പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലിയെന്നും പരാതിയുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്. പ്രവർത്തകരെ അനുനയിപ്പിക്കാൻ എത്തിയപ്പോഴാണു ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ് മർദ്ദിച്ചതെന്നാണു പരാതി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.