തിരുവനന്തപുരം: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്കെതിരെ ഡിജിറ്റൽ തെളിവുമായി പ്രോസിക്യൂഷൻ. വിഷത്തിന്‍റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന് പ്രോസിക്യൂഷൻ. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതികളെകുറിച്ചാണ് ഗ്രീഷ്മ വെബ്സെർച്ച് നടത്തിയത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച കേസിന്‍റെ വിചാരണ തുടരും.
ഇക്കഴിഞ്ഞ ഒക്ടോബർ 15 നായിരുന്നു ഷാരോൺ കേസുമായി ബന്ധപ്പെട്ട വിചാരണ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
സൈനികോദ്യോഗസ്ഥനുമായി വിവാഹനിശ്ചയം നടത്തിയതിന് ശേഷം ഗ്രീഷ്മ ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഗ്രീഷ്മയെ ഇതേ ഹോട്ടൽ മാനേജർ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
2022 ഒക്ടോബർ 13, 14 തീയതികളിലായാണ് ആൺ സുഹൃത്തായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 141 സാക്ഷികൾ ആണുള്ളത്. പരമാവധി തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ആണ് പ്രോസിക്യൂഷൻ തീരുമാനം.