Shashi Tharoor 
Kerala

'ഞാന്‍ എപ്പോഴും പലസ്തീനിനൊപ്പം, വിഷയം ആരും പഠിപ്പിച്ചുതരേണ്ടതില്ല': ശശി തരൂർ

എന്‍റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു

കോഴിക്കോട്: ഗാസയിൽ ഇസ്രയേൽ നടത്തുന്നത് മൃഗീയമായ ആക്രമണമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ എംപി. ജനീവ കൺവെൻഷൻ പോലും അവഗണിച്ചാണ് ഇസ്രയേൽ യുദ്ധം നടത്തുന്നത്- കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതേ കടപ്പുറത്ത് മുസ്‌ലിം ലീഗ് കഴിഞ്ഞ മാസം റാലി നടത്തി. അന്നും ഞാൻ പറഞ്ഞു, ഇത് മുസ്‌ലിം മതത്തിന്‍റെ പ്രശ്നമല്ല, മനുഷ്യന്‍റെ പ്രശ്നമാണെന്ന്. എന്‍റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. ഞാൻ നേരിട്ടു പറയുന്നു, ഞാൻ എല്ലാ കാലത്തും പലസ്തീനിനൊപ്പമാണ്. ഞാൻ പറയുന്ന കാര്യങ്ങൾ ഞാൻ കണ്ട കാര്യങ്ങളാണ്. ഈ വിഷയം എനിക്ക് ആരും പഠിപ്പിച്ചുതരേണ്ട ആവശ്യമില്ല- തരൂർ പറഞ്ഞു.

സിപിഎം വെറുതെ വേലിപ്പുറത്തിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിലേറണം. രാഹുൽ ഗാന്ധി അധികാരത്തിൽ വന്നാൽ പലസ്തീനിലെ കുട്ടികൾ കൊല്ലപ്പെടില്ല.

എല്ലാ നേതാക്കളേയും വിളിച്ചുകൂട്ടി കോൺഗ്രസ് വിളിച്ചുചേർത്ത റാലിയാണ് ഇതുവരെ നടന്ന പ്രതിഷേധ റാലികളിൽ ഏറ്റവും പ്രധാനം. സിപിഎം റാലി നടത്തും. എന്നാൽ, അവർ ഇപ്പോഴും ഇന്ത്യാ മുന്നണിയുടെ ഭാഗമല്ല. സിപിഎമ്മിനെ പോലെ ഉമ്മറപ്പടിയിലല്ല മുസ്‌ലിം ലീഗ് ഇരിക്കുന്നത്- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി റാലി ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി മുൻ പ്രസിഡന്‍റ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത നേതാവ് സയ്യിത് ജിഫ്രി മുത്തുകോയ തങ്ങൾ, എംപിമാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവരടക്കമുള്ള സംസ്ഥാന പ്രമുഖ നേതാക്കളെല്ലാം സംബന്ധിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?