കോതമംഗലം: ദുരന്തത്തിൽ അകപ്പെടാതെ സ്വന്തം നാട്ടിൽ തിരികെയെത്തിയ ആശ്വാസത്തിലാണ് ബിബിൻ ബോസ്. കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ നാട്ടിലെത്തിയ കോതമംഗലം സ്വദേശിയായ ഡ്രൈവർ ബിബിൻ നന്ദി പറയുന്നത് തന്റെ പ്രാർത്ഥന കേന്ദ്രമായ കോതമംഗലം ചെറിയപള്ളിയോടും,യൽദോ ബാവയോടും. കൂവള്ളൂര്‍ ചിറ്റിലപ്പിള്ളി ബിബിന്‍ ബോസ് പതിവായി അന്യസംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്നതാണ്.ഇടുക്കി ചെറുതോണിയില്‍ നിന്ന് കൊക്കൊകായുമായി നാസിക്കിലെ കാഡ്ബറീസ് കമ്പനിയിലേക്ക് പോകുകയായിരുന്നു ഇത്തവണ ബിബിന്‍. അടിമാലി സ്വദേശിയായ അഭിലാഷാണ് ഒപ്പമുണ്ടായിരുന്നത്. പോത്താനിക്കാട് സ്വദേശിയുടേതാണ് ലോറി.
ലോറിയുടെ ടയറിന്റെ പഞ്ചറൊട്ടിച്ച ടയര്‍ ഷോപ്പില്‍ നിന്ന് അന്‍പത് രൂപ തിരികെ വാങ്ങാനിറങ്ങിയതുമൂലമാണ് ബിബിന് അപകടത്തിൽപ്പെടാതെ രക്ഷപ്പെടാൻ കഴിഞ്ഞത്. അതല്ലെങ്കില്‍ ഒരു പക്ഷെ മലയാളി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനും, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിക്കുമായി നടത്തുന്ന തെരച്ചില്‍ ബിബിനുംകൂടി വേണ്ടിയാകുമായിരുന്നു. ഭീകര മണ്ണിടിച്ചില്‍ കണ്‍മുമ്പില്‍ കണ്ടവരില്‍ ഒരാളാണ് ബിബിന്‍. താനും സഹഡ്രൈവര്‍ അഭിലാഷും രക്ഷപ്പെട്ടതിനേക്കുറിച്ച് ബിബിന്‍ പറയുന്നതിങ്ങനെ....
ആദ്യ തവണത്തെ മണ്ണിടിച്ചില്‍ ഉണ്ടായതിന് പിന്നാലെ, ബിബിന്‍ തന്റെ ലോറി കുറച്ചുദൂരത്തേക്ക് മാറ്റിയിട്ടു. മടങ്ങിയെത്തിയപ്പോഴാണ് ഒരു ടാങ്കര്‍ലോറി മലയടിവാരത്തില്‍ കിടക്കുന്നത് കണ്ടത്. ഡ്രൈവര്‍ അതിലുണ്ടായിരുന്നില്ല.നോക്കിയപ്പോള്‍ താക്കോലുണ്ട്. ബിബിന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ടാങ്കര്‍ലോറിയും കുറേദൂരേക്ക് മാറ്റിയിട്ടു. അതല്ലെങ്കില്‍ പിന്നീടുണ്ടായ മണ്ണിടിച്ചിലില്‍ ടാങ്കറും അകപ്പെടുമായിരുന്നു. ദുരന്തത്തിൽപ്പെട്ട ലക്ഷ്മണന്റെ ചായക്കടയില്‍ ചായ കുടിക്കുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ മരണപ്പെട്ടുവെന്നത് ബിബിന് വേദനയായി അവശേഷിക്കുന്നു. ബിബിന്റെ ലോറിക്ക് മീറ്ററുകള്‍ക്ക് മുമ്പിലാണ് മണ്ണിടിഞ്ഞുവീണത്. ചായക്കടയും അവിടെയുണ്ടായിരുന്നവരും പുഴയിലേക്ക് തെറിച്ചുവീണു. പാര്‍ക്ക് ചെയ്തിരുന്ന ഗ്യാസ് ടാങ്കറും അതിശക്തമായാണ് പുഴയിലേക്ക പതിച്ചത്. ഇതേതുടര്‍ന്ന് പുഴയിലെ വെള്ളം കരയിലേക്ക് അടിച്ചുകയറിയെന്നും ബിബിന്‍ പറയുന്നു. മലയിലുണ്ടായിരുന്ന മൊബൈല്‍ടവര്‍ പൊങ്ങിത്തെറിച്ചു. കോഴിക്കോട് സ്വദേശി കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന തടികയറ്റിയ ലോറി തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ബിബിന്‍ പറഞ്ഞു. അങ്ങനയൊരു ലോറി പുഴയിലേക്ക് വീഴുന്നതായും കണ്ടില്ല. ഈ ലോറി കരയില്‍തന്നെ കാണുമെന്നാണ് ബിബിന്റേയും വിശ്വാസം.
തലേദിവസവും ഇവിടെ ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നുവെന്നാണ് ബിബിന്റെ വെളിപ്പെടുത്തല്‍.അതിലൂടെ കടന്നുപോയ ഒരു സുഹൃത്ത് ഇക്കാര്യം ഫോണില്‍ തന്നെ അറിയിച്ചിരുന്നു. അപകടസാധ്യത മുന്നില്‍കണ്ട് മുന്‍കരുതലെടുക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ചെറിയ അലംഭാവം കാണിച്ചതയാണ് ബിബിൻ വ്യക്തമാക്കുന്നത്.