Shobha Surendran File
Kerala

ശോഭ സുരേന്ദ്രനെ കാത്തിരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷപദം?

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീപ്പൊരി പ്രസംഗങ്ങളിലൂടെ കേരളത്തിന്‍റെ ഉമാഭാരതി എന്ന് പ്രസിദ്ധി നേടിയ ബിജെപിയുടെ ശക്തയായ വനിതാ മുഖം ശോഭ സുരേന്ദ്രൻ സംസ്ഥാന പാർട്ടി അധ്യക്ഷയാകുമോ എന്ന ചോദ്യം പൊതുവെ ഉയരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു പുറകെ പാർട്ടിയുടെ ദേശീയ- സംസ്ഥാന തലങ്ങളിൽ അഴിച്ചുപണി ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രന്‍റെ അധ്യക്ഷ പദവിയെക്കുറിച്ച് ചോദ്യം ഉയരുന്നത്.

മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ ഒരിടത്തും ജയിക്കാനായില്ലെങ്കിലും എല്ലായിടത്തും വോട്ടുവിഹിതം കുത്തനെ ഉയർത്തുന്ന പാരമ്പര്യമാണ് ഈഴവ സമുദായത്തിൽ നിന്നുള്ള ഈ വനിതാ നേതാവിന്‍റെത്. ഇതാണ് കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നിൽ ശോഭ സുരേന്ദ്രൻ എന്ന പേരിനെ അനിഷേധ്യമാക്കുന്നതും. ഇക്കുറി ആലപ്പുഴയിലെ മികച്ച പ്രകടനമാണ് ശോഭയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. മുമ്പെങ്ങും കിട്ടാത്ത വോട്ടുവിഹിതമാണ് ഇക്കുറി ബിജെപി ആലപ്പുഴയില്‍ നേടിയത്.

രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥി എം.എ. ആരിഫിനെ പിന്തള്ളി രണ്ടാമതെത്താനും അവര്‍ക്കു കഴിഞ്ഞു. 2019ല്‍ ആലപ്പുഴയില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച ഡോ. കെ.എസ്. രാധാകൃഷ്ണന്‍ 1.87 ലക്ഷം വോട്ടുകളാണ് പിടിച്ചത്. 17.24 ശതമാനം. എന്നാല്‍ ഇക്കുറി ശോഭ സുരേന്ദ്രന്‍ അത് 1.2 ലക്ഷം വര്‍ധിപ്പിച്ച് 2.99 ലക്ഷമാക്കി. 28.3 ശതമാനം.

2019ല്‍ ആറ്റിങ്ങലില്‍ മത്സരിച്ച ശോഭ സുരേന്ദ്രന്‍ 2.48 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. ഈ അടിത്തറയില്‍ നിന്നാണ് വി. മുരളീധരന്‍ ഇക്കുറി 3.11 ലക്ഷത്തിലധികം വോട്ടുകള്‍ അവിടെ നേടിയത്. 2014ല്‍ പാലക്കാട്ട് ലോക്‌സഭയിലേക്ക് മത്സരിച്ച ശോഭ അന്നും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 2016ല്‍ പാലക്കാട് നിന്ന് നിയമസഭയിലേക്കു മത്സരിച്ച ശോഭ ഒരുഘട്ടത്തില്‍ ലീഡ് സ്വന്തമാക്കി. എന്നാലൊടുവില്‍ ഷാഫി പറമ്പിലിന് പിന്നില്‍ രണ്ടാമത് എത്തുകയായിരുന്നു.

2019ല്‍ കഴക്കൂട്ടത്ത് കനത്ത പോരാട്ടം നടത്തി കടകംപള്ളി സുരേന്ദ്രനോട് തോറ്റെങ്കിലും ബിജെപിയെ രണ്ടാംസ്ഥാനത്തു തന്നെ ശോഭയ്ക്കു നിലനിര്‍ത്താനായി. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുവിഹിതം വർധിപ്പിക്കാനാകുന്നു എന്നതാണ് ശോഭയിൽ കേന്ദ്രനേതൃത്വം കാണുന്ന പ്രത്യേകത.

വാജ്പേയി സർക്കാരിന്‍റെ കാലത്താണ് ശോഭ സുരേന്ദ്രൻ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2004ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പ് മുതൽക്കാണ് ശോഭ സുരേന്ദ്രന്‍റെ പേര് മുഖ്യധാരാ രാഷ്‌ട്രീയത്തിൽ ഉയർന്നു കേൾക്കാൻ തുടങ്ങിയത്. ജയിച്ചില്ലെങ്കിലും ആ ഉപതെരഞ്ഞെടുപ്പിൽ കരുത്തനും യുഡിഎഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയുമായിരുന്ന കെ. മുരളീധരന്‍റെ പരാജയത്തിൽ പ്രധാന പങ്കു വഹിക്കാനായത് ശോഭ അവിടെ നേടിയ വോട്ടുകളായിരുന്നു.

കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിലൂടെയാണ് വടക്കാഞ്ചേരിക്കാരിയായ ശോഭ പൊതുരംഗത്തേക്ക് പ്രവർത്തിക്കാനെത്തുന്നത്. എളിയ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന ബിജെപി നേതാവാണ് ശോഭ. മുതിർന്ന ആർഎസ്എസ് നേതാക്കളുടെ ആശീർവാദവും അവർക്കുണ്ടായിരുന്നു.

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

പി. സരിനെ തള്ളി ഷാഫി പറമ്പിൽ

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സത‍്യൻ മൊകേരി സ്ഥാനാർഥിയായേക്കും