കൊച്ചി : എം. ശിവശങ്കർ സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഹൈക്കോടതി. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഭരണകക്ഷിയിൽ ഏറെ സ്വാധീനമുണ്ടെന്നും, ശിവശങ്കറിന് മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
നേരത്തെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടും ശിവശങ്കറിന്‍റെ ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലുമതു ബാധിച്ചിട്ടില്ല. അറസ്റ്റിനും ജയിൽവാസത്തിനും ശേഷം സർക്കാർ പദവിയിൽ തിരിച്ചെത്തുകയും ചെയ്തു. ശിവശങ്കറിന്‍റെ സ്വാധീനമാണതു വ്യക്തമാക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസിൽ സജീവമായ പങ്കാളിത്തമുണ്ടെന്നു ബോധ്യമായിട്ടും സ്വപ്നയടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് സ്വപ്നയെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.