Kerala

പലസ്തീന്‍ ജനതയ്ക്ക് ലോക കേരള സഭയിൽ ഐക്യദാർഢ്യം

തിരുവനന്തപുരം: ഗാസ അധിനിവേശത്തിനെതിരേ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ലോക കേരള സഭ അംഗീകരിച്ചു. ഇതുൾപ്പെടെ 10 പ്രമേയങ്ങൾ പാസാക്കി. 36,000ത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ യുദ്ധത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭാംഗം റജീൻ പുക്കുത്ത് പറഞ്ഞു. പലസ്തീൻ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീൻ പതാക നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഏറ്റുവാങ്ങി.

സമഗ്രമായ കുടിയേറ്റ നിയമം പാസാക്കുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്ന് കുവൈറ്റ് ദുരന്ത പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെന്‍റിനോട് ലോക കേരളസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തൊഴിൽ സ്ഥലം, താമസം എന്നിവയും ഇമിഗ്രേഷൻ നിയമത്തിന്‍റെ ഭാഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സുരക്ഷാ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന പ്രമേയം ഉണ്ണിമായ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. പ്രവാസികളുടെ തൊഴിൽ സുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്ര ഗവൺമെന്‍റ് തയാറാകണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ.കെ. സലാം ആവശ്യപ്പെട്ടു. ഭാഷാ പരിമിതിയെ അതിജീവിച്ച് തൊഴിൽ മേഖലയിലെത്തുന്നവർ പോലും ഇമിഗ്രേഷൻ നടപടികളിൽ കുരുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തിൽ നിർദേശിച്ചു.

ഫെമ നിയമത്തിലും വിദേശ നാണയ കൈമാറ്റത്തിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന പ്രമേയവും അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്‌മെന്‍റ് ഏജൻസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രമേയം സജേഷ് അവതരിപ്പിച്ചു. സ്വകാര്യ ഏജൻസികളുടെ തട്ടിപ്പും ചൂഷണവും നിർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിയമ സഹായത്തിനായി വിദേശ രാജ്യങ്ങളിൽ ലീഗൽ അറ്റാഷെമാരെ നിയമിക്കണമെന്ന് സഭ പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടു. ഖത്തറിൽ നിന്നുള്ള പ്രതിനിധി സുനിൽ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. നിമിഷ പ്രിയ, അബ്ദുൾ റഹ്‌മാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ജയിലിൽ കഴിയുന്നവർക്ക് ഇത് വലിയ സഹായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാപരമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി കേന്ദ്ര ഗവൺമെന്‍റ് നൽകണമെന്ന പ്രമേയം ആർ.പി. മുരളി അവതരിപ്പിച്ചു. ഇതിന് ഇന്ത്യൻ എംബസികൾ എൻഒസി നൽകാത്ത സാഹചര്യം പുനഃപരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രവാസ സമൂഹവുമായുള്ള സാംസ്‌കാരിക വിനിമയത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അബ്ദുൾ റൗഫ് പറഞ്ഞു. മലയാള ഭാഷാ പ്രചരണത്തിനും സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നിവയുടെ സാധ്യതകൾ ഉപയോഗിക്കണം. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഹാജരാക്കുന്ന വ്യക്തികൾക്ക് പാസ്‌പോർട്ട് നേരിട്ടു നൽകുന്നതിനാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന പ്രമേയം ഇ.ടി. ടൈസൺ എംഎൽഎ അവതരിപ്പിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു