കോഴിക്കോട്: ആര്‍എസ്എസിന്‍റെ പ്രമുഖ നേതാക്കളെ സംസ്ഥാന പൊലീസിലെ എഡിജിപി എം.ആര്‍. അജിത്കുമാര്‍ സന്ദര്‍ശിച്ചതിനെതിരായ ചര്‍ച്ചയെ നിശിതമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള.
"രാഷ്‌ട്രീയത്തിൽ അയിത്തം കുറ്റകരമാണ്. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് കേരളത്തിൽ ഇപ്പോഴത്തെ ചർച്ച. ഈ ചർച്ചകൾ ചിലരെ രണ്ടാം തരം പൗരന്മാരാക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണു കബളിപ്പിക്കാൻ ശ്രമിക്കുന്നത്?''– ആർഎസ്എസ് പ്രചാരകനും മുതിർന്ന ബിജെപി നേതാവുമായ പി.പി. മുകുന്ദന്‍റെ ഒന്നാം ചരമവാർഷിക ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
ഇത്തരം ചർച്ചകൾ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ജനാധിപത്യത്തിന്‍റെ അടിത്തറയെയാണ് ഇതെല്ലാം തകർക്കുന്നത്. ഒരു ഗവർണർക്ക് ഇതൊന്നും പറയാൻ പാടില്ല എന്നറിയാം. എങ്കിലും പറഞ്ഞുപോവുകയാണ്. ജനങ്ങളുടെ രാഷ്‌ട്രീയമാണ് ഞാൻ പറയുന്നത്. കക്ഷിരാഷ്‌ട്രീയമല്ല. കേരളത്തിന്‍റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണു കബളിപ്പിക്കുന്നത്? ആര്‍എസ്എസിന് പബ്ലിസിറ്റി ആവശ്യമില്ല. അവിടെ ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധപ്പെടുന്നത്. അവർ രാഷ്‌ട്രീയ വിശദീകരണ യോഗം നടത്താത്തതും അതുകൊണ്ടാണ്.
മുഖ്യമന്ത്രി കേരളത്തിലെ തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ഓർമിക്കണം. 1980ലെ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാലിന്‍റെ തെരഞ്ഞെടുപ്പ് കൺവീനർ ചെർക്കളം അബ്ദുള്ളയാണ്. 77ൽ ആർഎസ്എസ് നിരോധനം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ അതിനെ പിന്തുണച്ചവരാണ് ഇന്നു തൊട്ടുകൂടാ, തീണ്ടിക്കൂടാ എന്നു പറയുന്നത്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് കപട നാടകമാണ്– അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനൽ സ്വഭാവമാണ് കാണിക്കുന്നതെന്നും കുറ്റം പറയുന്നവർ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണമെന്നും ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇപ്പോൾ പോസ്റ്റ്മോർട്ടം നടത്തുന്നവർ യോഗ്യരാണോയെന്ന് ചിന്തിക്കണം.
ഈ സന്ദർശനത്തെ, കൂടിക്കാഴ്ചയെ, വിമർശിക്കാൻ അർഹതയുള്ള ഒരാളെങ്കിലും ഈ കേരളത്തിലുണ്ടോ? ആരാണ് ഈ രാഷ്‌ട്രീയ വൈരുധ്യം കൽപ്പിക്കുന്നത്? ജനാധിപത്യം എല്ലാ രാഷ്‌ട്രീയക്കാർക്കുമുള്ളതാണ്. തൊട്ടുകൂടായ്മ കൽപ്പിക്കുന്നവരും ക്രിമിനലുകളാണ്. നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ അർഹതയുള്ള ആരും തന്നെ മറുപക്ഷത്തില്ല. ഈ സംഭവവികാസങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യുന്നവരും, വിശകലനം ചെയ്യുന്നവരും യോഗ്യരാണോ? കൈ നീട്ടിപ്പിടിച്ച് ശുദ്ധമാണെന്ന് ഞാൻ പറയില്ല, പകരം ഹൃദയം തൊട്ടുപറയും, അത് ശുദ്ധമാണ്– സുരേഷ് ഗോപി പറഞ്ഞു.