ശ്രീരാം വെങ്കിട്ടരാമനെതിരേ നരഹത്യാ കുറ്റം ചുമത്തി 
Kerala

ശ്രീരാം വെങ്കിട്ടരാമനെതിരേ നരഹത്യാ കുറ്റം ചുമത്തി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെതിരേ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി നരഹത്യാ കുറ്റം ചുമത്തി. കോടതി നേരിട്ട് തയാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തില്‍ കുറ്റം അദ്ദേഹം നിഷേധിച്ചു. തുടര്‍ന്ന് പ്രതിയെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് പ്രതിക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.

ശ്രീറാം തുടര്‍ച്ചയായി ഹാജരാകാതിരുന്നതില്‍ കുറ്റപത്രം വായിക്കുന്നത് പല തവണ കോടതി മാറ്റിവച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിയെ വാക്കാല്‍ ശാസിച്ച കോടതി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ ശ്രീറാം കോടതിയില്‍ നേരിട്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 (അശ്രദ്ധമായി മനുഷ്യ ജീവന് ആപത്താകും വിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍), 304 (മനഃപൂര്‍വമുള്ള നരഹത്യ), 201 (തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184(മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.

പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദൃഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെയുള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, പ്രതി ശ്രീറാമിന്‍റെ രക്ത സാംപിള്‍ എടുക്കല്‍ വൈകിയത് മൂലം മദ്യപിച്ച് വാഹനമോടിച്ചെന്നതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്ക് മുമ്പ് പ്രതിക്കു നല്‍കേണ്ട രേഖകളുടെ പകര്‍പ്പ് നല്‍കിയെന്ന് ഉറപ്പു വരുത്തി കേസ് അടുത്ത മാസം 6ന് പരിഗണിക്കും. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്തിനും പ്രതിഭാഗത്തിനും കൂടുതല്‍ തെളിവു രേഖകള്‍ ഉണ്ടെങ്കില്‍ 6നകം ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം