വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം 
Kerala

ആരുടെ തുറമുഖം? ഭരണ പ്രതിപക്ഷ തർക്കം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നടക്കാനിരിക്കെ തുറമുഖത്തിന്‍റെ അവകാശവാദങ്ങളുമായി ഭരണ പ്രതിപക്ഷ നേതാക്കള്‍. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അവകാശപ്പെടുമ്പോള്‍ പദ്ധതി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റെയും ഇച്ഛാശക്തിയുടെ പ്രതീകമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം.

വിഴിഞ്ഞം പിണറായി സര്‍ക്കാരിന്‍റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എൽഡിഎഫ് കൺവീനർ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര കപ്പല്‍ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാര്‍ക്കും ലഭിക്കാത്ത ഒന്നാണ്. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാകുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് ചിലര്‍ പറയുന്നു. കെ. കരുണാകരന്‍റെ പേര് വേണമന്ന് മറ്റ് ചിലര്‍ പറയുന്നു. പേര് ഇടുന്ന ഘട്ടത്തില്‍ അതൊക്കെ ആലോചിച്ചാല്‍ പോരെയെന്നും എൽഡിഎഫ് പ്രവർത്തകർ ഇന്നും ആഹ്ലാദപ്രകടനം നടത്തുമെന്നും ഇ.പി. പറഞ്ഞു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സര്‍ക്കാരിനേയും മറക്കാം. പക്ഷേ, കേരളം മറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്‍റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളെജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ തനിപ്പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടി. ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വന്നിട്ട് കാര്യമില്ല. നിങ്ങള്‍ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കുള്ളതാണ്, സതീശന്‍ പ്രതികരിച്ചു. 5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍.

അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പാക്കേജും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നു സതീശന്‍ ആരോപിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു