അങ്കമാലി: അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്, കെ ചിറ്റിലപ്പള്ളി ഫൌണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ഒരു ലക്ഷം യുഎസ് ഡോളർ ചെലവിൽ കോതമംഗലം പീസ് വാലിയിൽ സ്ഥാപിക്കുന്ന ആധുനിക ഡയാലിസിസ് സെൻററിൻ്റെ ധാരണപത്രം കൈമാറി. അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബും മലേഷ്യയിലെ ഐപ്പോ സെൻറർ റോട്ടറി ക്ലബും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ
സഹകരണത്തോടെയാണ് ഒരു ലക്ഷം യുഎസ് ഡോളർ (83 ലക്ഷം ഇന്ത്യൻരൂപ ചെലവ്) വരുന്ന പദ്ധതി നടപ്പിലാക്കുന്നത്. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബ് സ്ഥാപിതമായി പത്ത് പൂർത്തിയാകുന്ന വേളയിൽ ആണ് ഈ മാതൃക പദ്ധതി നടപ്പാക്കുന്നത്.
നിരാലംബരായ മനുഷ്യരെ ചേർത്തു പിടിക്കുന്ന പീസ് വാലിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായാണ് റോട്ടറി ഇൻറർനാഷണലിന്‍റെ ഗ്ലോബൽ ഗ്രാൻഡ് ലഭ്യമാക്കിയാണ് പദ്ധതി സാക്ഷത്കരിക്കുന്നത്. ഒന്നാം ഘട്ടമായി 10 ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഒരുക്കുന്നത്. പീസ് വാലിയിൽ നടന്ന ധാരണപത്രം കൈമാറ്റ ചടങ്ങ് റോട്ടറി ഇൻറർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ മുഖ്യാതിഥിയായിരുന്നു.
അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് അഗസ്റ്റിൻ മുണ്ടാടൻ, പീസ് വാലി ചെയർമാൻ കെ എ അബൂബക്കർ, സജീവ് മുണ്ടേത്ത്, ഡയാലിസിസ് സെൻറർ പ്രോജക്ട് കൺവീനർ നൈജു പുതുശ്ശേരി, റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറി അജി ജോസ്, ക്ലബ് സെക്രട്ടറി ആൽബി മാത്യു, ട്രഷറർ ശ്രീജിത്ത് തോപ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.