മരിച്ച എ. ദേവനന്ദയാണ് 
Kerala

‌പാളം മുറിച്ച് പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിനിടയിൽ ട്രെയിനിടിച്ച് വിദ്യാർഥി മരിച്ചു

മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ കൂട്ടുകാര്‍ക്കു മുന്‍പില്‍ വച്ചാണ് അപകടമുണ്ടായത്.

കൊല്ലം: ‌പാളം മുറിച്ച് പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിനിടയിൽ ട്രെയിനിടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ കൂട്ടുകാര്‍ക്കു മുന്‍പില്‍ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചാത്തന്നൂര്‍ കോയിപ്പാട് വിളയില്‍ വീട്ടില്‍ അജി-ലീജ ദമ്പതികളുടെ മകളുമായ എ. ദേവനന്ദയാണ് മരിച്ചത് (17). ബുധനാഴ്ച വൈകിട്ട് നാലരയോടെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം.

നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ മയ്യനാട് സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എന്‍ജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയില്‍നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്‌സ്പ്രസ് എത്തിയത്. മറ്റൊരു സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കള്‍ സഹപാഠിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്ന് ദേവനന്ദയെ കയറ്റാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ചാത്തന്നൂര്‍ ഭാഗത്തേക്കു പോകുന്ന കുട്ടികള്‍ സാധാരണ മയ്യനാട് ചന്തമുക്കില്‍ നിന്നാണ് വീട്ടിലേക്കുള്ള ബസ് കയറുന്നത്. പാളത്തിന് അരികിലൂടെ ബസില്‍ കയറാന്‍ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. കുട്ടികള്‍ ട്രെയിനിനു മുന്നില്‍പെട്ടതറിഞ്ഞ് പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്താതെ ഹോണ്‍ അടിച്ചെങ്കിലും ഫലമുണ്ടായില്ല.

ട്രെയിനിന്‍റെ ഹോണിനൊപ്പം എതിര്‍ വശത്തു നിന്നു ട്രെയിന്‍ പാഞ്ഞെത്തിയപ്പോള്‍ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍.

ബാറ്ററി വെളളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു

കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല; കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമായോ എന്ന് പെട്ടി പൊട്ടിക്കുമ്പോഴറിയാമെന്ന് ചെന്നിത്തല

ഇന്ത്യാഗേറ്റിന് മുൻപിൽ ബാത്ത് ടവ്വൽ ധരിച്ച് യുവതിയുടെ ഡാൻസ്

സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ജീവനക്കാരിക്ക് സാരമായ പരുക്ക്