പി.ബി. ബിച്ചു
തിരുവനന്തപുരം: സീസണിലെ ആദ്യ ന്യൂനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതോടെ വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. വേനൽ മഴ തിമർത്തു പെയ്യുന്നതിനിടെ ബുധനാഴ്ചയാണ് തമിഴ്നാട് - ആന്ധ്ര തീരത്തിനകലെയായി ന്യൂനമർദം രൂപപ്പെട്ടത്. വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം നാളെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും. തുടർന്നും ഇതേ ദിശയിൽ സഞ്ചാരം തുടരും, വീണ്ടും ശക്തി പ്രാപിക്കും- കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ന്യൂനമർദത്തിന്‍റെ സ്വഭാവം കണക്കിലെടുത്ത് കേരള തീരത്തടക്കം മത്സ്യബന്ധനം വിലക്കി. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തുടനീളം ലഭിച്ച കനത്ത മഴയോടെ ഇത്തവണത്തെ വേനൽ മഴയിലെ കുറവ് പരിഹരിക്കപ്പെട്ടു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രം നൽകിയിരുന്ന റെഡ് അലർട്ട് ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രഖ്യാപിച്ചു. മഴക്കെടുതികളിൽ സംസ്ഥാനത്തു വ്യാപക നാശനഷ്ടമുണ്ടായി.
മാർച്ച് 1 മുതൽ ഏപ്രിൽ അവസാനം വരെ 62 ശതമാനത്തോളം കുറവാണ് വേനൽ മഴയിൽ രേഖപ്പെടുത്തിയതെങ്കിൽ, ബുധനാഴ്ചയോടെ ഈ സീസണിൽ ലഭിക്കേണ്ട മഴയുടെ അളവിലേക്കെത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് മഴക്കണക്കിൽ ഒന്നും രണ്ടും സ്ഥാനത്ത്. തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു. അതേസമയം ഇടുക്കി ജില്ലയിൽ 34 ശതമാനം കുറവാണിപ്പോഴും.
വരും ദിവസങ്ങളിൽ ന്യൂനമർദത്തിന്‍റെ സ്വാധീനത്താൽ മഴ കൂടുതൽ ശക്തമാകുന്നതോടെ വേനൽ മഴ പുതിയ റെക്കോഡ് തീർക്കുമോ എന്ന് കാത്തിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകർ. അതേസമയം, കാലവർഷം ഇത്തവണ നേരത്തേ സംസ്ഥാനത്ത് എത്തിയേക്കുമെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ ശ്രീലങ്ക, മാലദ്വീപ്, തെക്കൻ അറബിക്കടൽ മേഖലയിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്.