തിരുവനന്തപുരം: ആർഎൽബി രാമകൃഷ്ണനെതിരായ കാലമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി നിരവിധി പേർ രംഗത്ത്. മന്ത്രി ആർ. ബിന്ദു, നടന്മാരായ ഹരീഷ് പേരടി, ജോയ് മാത്യു, നർത്തകി മേതിൽ ദേവിക എന്നിവരുൾപ്പെടെയുള്ളവർ രാകൃഷ്ണന് പിന്തുണ അറിയിച്ച് രംഗത്തെത്തി.
ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ.''എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'',- എന്നാണ് അഭിമുഖത്തിനിടെ സത്യഭാമ പറഞ്ഞത്.
ഇതിനെതിരേ പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണെന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടതെന്ന് ജോയ് മാത്യുവും കറുപ്പിനൊപ്പം, രാമകൃഷ്ണനൊപ്പമെന്ന് ഹരീഷ് പേരടിയും ഫെയ്സ് ബുക്കിൽ കുറിച്ചു. നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും കലയിൽ സംഭാവന നൽകാൻ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്ന് മേതിൽ ദേവികയും പ്രതികരിച്ചു.
മന്ത്രി ആർ. ബിന്ദു....
പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്
ഹരീഷ് പേരടി...
മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..
ജോയ് മാത്യു...
കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ
വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ് .
നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്‌ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ .
"പത്മ"കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ
മേതിൽ ദേവിക...
ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വന്നയാളാണ് രാമകൃഷ്ണൻ. ഇത്രെയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമയോടെ പ്രതികരിക്കണം. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇത് പുറത്തുവന്നത്
ഈ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതും പല തലങ്ങളിൽ വിവേചനവും അജ്ഞതയും വിളിച്ചുപറയുന്നതുമാണ്. ഇത് ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കൂട്ടായ്‌മയ്‌ക്ക് നേരെയുള്ള അധിക്ഷേപമായി കണക്കാക്കും.
ആർഎൽവി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമവുമാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ ഭിന്നിപ്പിന്‍റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചത്. വിവേചനം പ്രതിഭയെ ഞെരുക്കുന്നു.