Suresh Gopi 
Kerala

ട്വിസ്റ്റുകൾക്കൊടുവിൽ 'സൂപ്പർ സ്റ്റാർ കേന്ദ്രമന്ത്രി' ചാർട്ടേഡ് ഫ്ളൈറ്റിൽ തലസ്ഥാനത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമാ കഥപോലെയുള്ള ട്വിസ്റ്റുകൾക്കും സസ്പെൻസിനും ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായുള്ള സുരേഷ് ഗോപിയുടെ ഡൽഹി യാത്ര. കേന്ദ്രസർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കായി സുരേഷ് ഗോപി ഡൽഹിയിലേക്കു പോകുമോയെന്ന കാര്യത്തിൽ രാവിലെ മുതൽ അനിശ്ചിതത്വമായിരുന്നു. നരേന്ദ്ര മോദിയുടെ വിരുന്നിലേക്കടക്കം ക്ഷണമുണ്ടായെങ്കിലും ഇന്നലെ പുലർച്ചെയുള്ള വിമാനത്തിൽ സുരേഷ് ഗോപി ഡൽഹിയിലേക്കു പോകാത്തത് അഭ്യൂഹങ്ങൾക്കിടയാക്കി.

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ രാവിലെ മുതൽ ദേശീയ മാധ്യമങ്ങളടക്കം തടിച്ചുകൂടിയിരുന്നു. എന്നാൽ, വീട്ടിൽനിന്ന് ആരും പുറത്തു വരികയോ മാധ്യമങ്ങളോട് പ്രതികരിക്കുകയോ ചെയ്തില്ല. 6.10ന് ഡൽഹിക്ക് വിമാനമുണ്ടായിരുന്നെങ്കിലും അദ്ദേഹം പോയില്ല. പിന്നീട് 8.30 മുതൽ ഡൽഹിയിലേക്ക് കണക്ടിങ് ഫ്ലൈറ്റുകൾ ഉണ്ടായിരുന്നെങ്കിലും യാത്ര സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നു.

അഞ്ചോളം സിനിമകളിൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നതിന് നേരത്തെ തന്നെ കരാറായിരുന്നതിനാൽ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിലുള്ള അതൃപ്തി അദ്ദേഹം നരേന്ദ്ര മോദിയെ ഉൾപ്പടെ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ താൽപര്യ പ്രകാരം തൽക്കാലം മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന തരത്തിലായി ഇതോടെ ചർച്ചകൾ. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കുമെന്നും കേരളത്തിൽനിന്ന് മറ്റാരെയെങ്കിലും കേന്ദ്രമന്ത്രിയാക്കാനുള്ള സാധ്യതകളുണ്ടെന്നും പ്രചാരണമുണ്ടായി.

മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുമ്പോഴും വീടിന്‍റെ വാതിൽ അടഞ്ഞു തന്നെ കിടന്നു. ഫോണിലും സുരേഷ് ഗോപിയുടെ പ്രതികരണം ലഭിച്ചില്ല. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലെത്തിയപ്പോഴും സുരേഷ് ഗോപി വീട്ടിൽ തുടർന്നു. ഒടുവിൽ പത്തരയോടെ നരേന്ദ്ര മോദി അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചതായി വിവരങ്ങളെത്തി. 11 മണിയോടെ വീടിന്‍റെ വാതിൽ തുറന്ന് ജീവനക്കാർ പുറത്തുവന്നു. പിന്നാലെ സുരേഷ് ഗോപിയും ഭാര്യ രാധികയും രാധികയുടെ അമ്മയും പുറത്തേക്ക്. കാത്തിരിപ്പിന് അവസാനമായതോടെ മാധ്യമങ്ങൾ കൂട്ടമായി വീട്ടുവളപ്പിലേക്ക്.

മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി നിർദേശിച്ചതായും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം 'അദ്ദേഹം' പറയുന്നതുപോലെയാണെന്നും വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

താന്‍ എം.പിയായിരുന്നാല്‍ പോലും കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എംപിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധമായി എത്തണമെന്ന് പറഞ്ഞു. ബാക്കിയെല്ലാം അവിടെ ചെന്ന് അവര്‍ നിശ്ചയിക്കുന്നതുപോലെ. തൃശൂരിലേയും കേരളത്തിലേയും ജനങ്ങളോട് ഉത്തരവാദിത്തമുള്ളയാളായിരിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും വിമാനത്താവളത്തില്‍ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

12.30നുള്ള വിമാനത്തിൽ സുരേഷ്ഗോപിയും കുടുംബവും പുറപ്പെട്ടതോടെ ആശങ്കയൊഴിഞ്ഞു. തിരുവനന്തപുരത്തുനിന്ന് 12:30-ന് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും ബെംഗളൂരുവിലേക്ക് പോയത്. മക്കൾ കൊച്ചിയിൽ നിന്നും ബെംഗളുരുവിലെത്തി. ബംഗളുരുവിൽ നിന്നും ചാർടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക്. സത്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഡല്‍ഹിയിലെത്തണമെന്നായിരുന്നു അദ്ദേഹത്തിന് ഒടുവിൽ ലഭിച്ച നിര്‍ദേശം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ