പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ 
Kerala

പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

'1993 ഫസ്റ്റ്ബിഎൻ ചങ്ങാതിക്കൂട്ടം' എന്ന പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കോതമംഗലം എസ്ഐ കെ.എസ് ഹരിപ്രസാദിന്‍റെ അധിക്ഷേപ പരാമർശം

കോതമംഗലം: കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എസ് ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ഹരിപ്രസാദിന്‍റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി.

എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദ് അംഗമായ 1993 ഫസ്റ്റ് ബെറ്റലിയൻ ചങ്ങാതിക്കൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇദ്ദേഹം പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചത്. ഇത് പലരും സ്ക്രീൻ ഷോട്ട് എടുത്ത് ഷെയർ ചെയ്യുകയായിരുന്നു. ഫേസ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ഇത് പങ്കുവെക്കുകയും ചെയ്യുന്നു. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുഷ്പന്‍റെ മരണത്തിൽ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്‍റെ പോസ്റ്റ്.

അതേസമയം അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശ്ശേരി ടൌൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പ് വെടിവെപ്പിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്.

രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ എന്നല്ല കേരള രാഷ്ട്രീയത്തിൽ തന്നെ വിരളമായിരുന്നു.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം