#ജസ്റ്റിസ് കെ.ടി. തോമസ്
ഒട്ടേറെ ഓർമകളുണർത്തുന്നുണ്ട് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്റെ വിയോഗം. രാജ്യത്തെ മികവുറ്റ ജഡ്ജിമാരിലും അഭിഭാഷകരിലും പ്രമുഖനായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണൻ. തോട്ടത്തില്‍ രാധാകൃഷ്ണന്, കെ.എം.ജോസഫ്, വി.ഗിരി എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്തത് അന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജവഹര്‍ലാല്‍ ഗുപ്തയാണ്.
ഗുപ്ത കേരളത്തില്‍ ചീഫ് ജസ്റ്റിസായി വന്നപ്പോള്‍ അദ്ദേഹം ആരെയൊക്കെ ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കണം എന്ന് നിര്‍ദേശിക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഈ മൂന്നു പേരെ നിരീക്ഷിക്കാനായിരുന്നു ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. മൂന്നുപേരെയും അദ്ദേഹം ഹൈക്കോടതി ജഡ്ജിമാരാക്കി. പക്ഷെ ഗിരി ഉടന്‍ തന്നെ രാജിവച്ചു. മറ്റു രണ്ടുപേരും ഹൈക്കോടതി ജഡ്ജിമാരായി തുടര്‍ന്നു. തോട്ടത്തില്‍ രാധാകൃഷ്ണൻ പിന്നീടു കൽക്കട്ട, തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി മാറി.
കേരളത്തിലെ ജഡ്ജിയായിരിക്കുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ മതിപ്പ് തോന്നിപ്പിച്ച അഭിഭാഷകരില്‍ ഒരാളായിരുന്നു തോട്ടത്തില്‍ രാധാകൃഷ്ണന്. പഠിച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തോട്ടത്തില്‍ പുറത്തെടുത്ത മികവ് തന്നെയാണ് മികച്ച ഹൈക്കോടതി ജഡ്ജിയായി മാറാന്‍ അദ്ദേഹത്തിനു തുണയായത്. നിയമകാര്യങ്ങളില്‍ സമർഥനായിരുന്നു അദ്ദേഹം. ഒന്ന് രണ്ടു കേസുകളില്‍ അമിക്യസ് ക്യൂറിയായി തോട്ടത്തിലിനെ നിയോഗിച്ചിരുന്നു. കേസുകള്‍ നന്നായി പഠിക്കുക മാത്രമല്ല, കോടതിയിൽ അതു നന്നായി അവതരിപ്പിക്കുന്നതിലും മികവു പുലർത്തി അദ്ദേഹം.
പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ന്യായാധിപന് എന്ന രീതിയില്‍ അദ്ദേഹം മുന്നിട്ടിറങ്ങി. ഭരണകൂടം വീഴ്ചവരുത്തുമ്പോള്‍ അദ്ദേഹം കേസുകളില്‍ നേരിട്ട് തന്നെ ഇടപെട്ടു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോള്‍ തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാക്കാന്‍ തൂമ്പയുമായി നേരിട്ടിറങ്ങി അദ്ദേഹം അമ്പരപ്പിച്ചു. മാധ്യത്തകളുടെ അടിസ്ഥാനത്തിലും കേസെടുത്ത് പലപ്പോഴും നീതി ഉറപ്പാക്കി.