തിരുവനന്തപുരം: എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് 23 ന് പുറത്തിറക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വൈകുന്നേരം 4ന് കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഭരണഘടനയുടെ അടിസ്ഥാനശിലകളെ തമസ്ക്കരിക്കാനുള്ള ശ്രമങ്ങൾ, രാജ്യത്തിന്റെ ചരിത്രത്തിന്റെ തമസ്ക്കരണം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ഒഴിവാക്കുന്നത്, ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലാത്തവ എന്ന പേരിൽ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ കൂടുതലും മാനവിക വിഷയങ്ങളിലാണു വന്നിരിക്കുന്നതെന്നു മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. അതിനാലാണു കേരളം മാനവിക വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചത്.
ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ മഹാത്മാജിയുടെ രക്തസാക്ഷിത്തം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമെരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെയുള്ളവയും ഇക്കണോമിക്സിൽ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയിൽ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരമാർശിക്കുന്ന ഭാഗവുമൊക്കെ ഒഴിവാക്കപ്പെട്ടവയിൽ ഉണ്ട്.