പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെ ഭാരതപ്പുഴയിൽ നടത്തിയ തെരച്ചിലിലാണ് ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.
ശനി പകൽ മൂന്നോടെ കൊച്ചിൻ പാലത്തിലൂടെ തിരുവനന്തപുരത്തേക്കുപോയ കേരള എക്സ്പ്രസാണ് (126226) മാലിന്യം ശേഖരിക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ചത്. ലക്ഷ്മണന്‍റെ മൃതദേഹം ട്രാക്കിനും പാലത്തിനും ഇടയിൽനിന്നും റാണിയുടെയും വള്ളിയുടെയും മൃതദേഹം പാലത്തിനുതാഴെ മണൽത്തിട്ടയിൽനിന്നുമാണ് കണ്ടെത്തിയത്.
ട്രെയിൻ തട്ടി പുഴയിൽ വീണ നാലാമത്തെയാളായ ലക്ഷ്മണനെ കണ്ടെത്താൻ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഇതോടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം നാലായി. ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിൻ പാലത്തിന്‍റെ തൂണിനോട് ചേര്‍ന്നായിരുന്നു ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.
ട്രെയിൻ തട്ടി മരിച്ച റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് ട്രെയിൻ തട്ടിയതിനുശേഷം കാണാതായത്. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയെന്ന സംശയത്തിൽ ശനിയാഴ്ച തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ പുഴയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് തെരച്ചിൽ നിര്‍ത്തിവെക്കുകയായിരുന്നു.