Kerala

കുട്ടികളെ സ്കൂളിലാക്കാന്‍ രംഗണ്ണനും അമ്പാനും; പിന്നാലെ വിമര്‍ശനം, പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്

അനൗചിത്യം തിരുത്തിയ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ നടപടിയെ സി.ജെ. ജോണ്‍ അഭിനന്ദിക്കുകയും ചെയ്തു.

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന്‍റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചത്.

ഏറെ ഹിറ്റായ ഈ കാര്‍ട്ടൂണ്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിന്‍റെ ചുവട് പിടിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റര്‍ ഇറക്കിയത്. പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് മനോരോഗ ചികിത്സാവിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചത്. പകരം തിരുത്തിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അടിയും കുടിയും പുകവലിയുമൊക്കെ സാമാന്യവത്കരിക്കുന്ന കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനുമെന്നും ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടതെന്ന സന്ദേശമാണ് പോസ്റ്റര്‍ നല്‍കുന്നതെന്നും സി.ജെ. ജോണ്‍ വിമര്‍ശിച്ചു. ജനപ്രിയത മാത്രം മുന്‍നിര്‍ത്തി കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്റര്‍ പുറത്തിറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിന്നാലെ പോസ്റ്റര്‍ വകുപ്പ് പിന്‍വലിച്ചു. ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ അനൗചിത്യം തിരുത്തിയ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ നടപടിയെ സി.ജെ. ജോണ്‍ അഭിനന്ദിച്ചു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത