VN Vasavan 
Kerala

സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകില്ല; മന്ത്രി വി.എൻ വാസവൻ

കോട്ടയം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സാധ്യമായ എല്ലാ പരിഹാര മാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിരിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാകില്ലെന്നും സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ. തിരുവാർപ്പ് ഗവൺമെന്‍റ് യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 1.15 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.

മലബാർ മേഖലയിലാണ് പ്ലസ് വൺ സീറ്റുകൾ കുറവുണ്ടായിരുന്നത് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും മാനേജ്മെന്‍റ് സ്‌കൂളുകൾക്കോ സർക്കാർ സ്‌കൂളുകൾക്കോ സയൻസ് ഗ്രൂപ്പ് കിട്ടാത്തതുണ്ടെങ്കിൽ 10 ശതമാനം കൂടി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തേക്ക് പലായനം ചെയ്യുന്ന വിദ്യാർഥികളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്തുന്നതിനായി ഇന്നവേഷൻ സെന്ററുകളും ഇൻക്യൂബേഷൻ സെന്ററുകളും സ്ഥാപിക്കും. സംസ്ഥാനത്ത് രണ്ടായിരത്തോളം സർക്കാർ സ്‌കൂളുകൾ പൂട്ടാനിരുന്ന സ്‌കൂളുകളാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ പരിഷ്‌കരിച്ചത്. ഒടിഞ്ഞ ബെഞ്ചും മേശയും എല്ലാം മാറി മനോഹരങ്ങളായ കെട്ടിടങ്ങളും ഇരിപ്പിടങ്ങളും കറുത്ത ബോർഡിനു പകരം പ്രൊജക്ടറുകളുമായി. അതോടെ പൂട്ടാനിരുന്ന സ്‌കൂളുകൾ എല്ലാം പ്രവർത്തനസജ്ജമായി.

പത്തുലക്ഷത്തോളം കുട്ടികൾ അൺഎയിഡഡ് മേഖലയിൽ നിന്ന് ഗവൺമെന്റ് സ്‌കൂളുകളിലേക്കും എയിഡഡ് സ്‌കൂളുകളിലേക്കും എത്തി. സർക്കാർ കൂടുതൽ തുക മാറ്റിവയ്ക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണെന്നും മന്ത്രി പറഞ്ഞു.

കളിക്കുന്നതിനായി ഒരു കളിക്കളം വേണമെന്നും സ്‌കൂളിലെ പശ്ചാത്തല-അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാർപ്പ് ഗവൺമെന്‍റ് യു.പി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ നിവേദനത്തിന് കുട്ടികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി വേദിയിൽ ഉറപ്പ് നൽകി. ചടങ്ങിൽ 2022-23 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച കിളിരൂർ എസ്.വി.ജി.വി.പി സ്‌കൂളിനെയും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും മന്ത്രി അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസി നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം ബിന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ അജയ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.ടി രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ റൂബി ചാക്കോ, ജയറാണി പുഷ്പാകരൻ, കെ.ബി ശിവദാസ്, കെ.എം ഷൈനി മോൾ, ജയ സജിമോൻ, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡന്റ് കെ.എൻ അനിൽ കുമാർ, സ്‌കൂൾ പ്രഥമാധ്യാപിക എം.കെ തുളസീഭായി എന്നിവർ പ്രസംഗിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു