തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം 5 മണിക്കൂർ അടച്ചിടും. അൽപ്പശി ഉത്സവത്തിന്‍റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ 9 മണി വരെയാണ് വിമാനത്താവളം അടച്ചിടുക. ഇതു മൂലം വിമാനങ്ങളുടെ സമയക്രമത്തിലുും മാറ്റമുണ്ടാകും. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് 5ന് ആരംഭിക്കുന്ന ഘോഷയാത്ര വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് കടന്നു പോകുന്നത്. സൂര്യാസ്തമനത്തോടെ ശംഖുംമുഖത്തെത്തിയതിനു ശേഷം ചന്ദ്രോദയത്തിൽ ആറാട്ട് നടത്തും. അദാനി ഗ്രൂപ്പിന് കൈമാറിയെങ്കിലും ആറാട്ട് എഴുന്നള്ളിപ്പിന് ഇതു വരെയും വിഘാതം ഉണ്ടായിട്ടില്ല. ലോകത്ത് ഇത്തരത്തിൽ അടച്ചിടുന്ന ഏക വിമാനത്താവളമാണിത്.
വിമാനത്താവളം നിർമിക്കുന്നതിനു മുൻപേ തന്നെ ആറാട്ട് എഴുന്നള്ളത്തിന് നിശ്ചിത പാതയുണ്ടായിരുന്നു. ആ പാത കൂടി ഉൾപ്പെടുത്തിയാണ് വിമാനത്താവളം നിർമിച്ചത്. 1932ൽ തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ ആറാട്ടിന് ഈ പാത വേണമെന്ന് ആവശ്യപ്പെടുകയും കേന്ദ്രസർക്കാരുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.
വള്ളക്കടവിൽ നിന്നും വിമാനത്താവളത്തിനുള്ളിലേക്ക് കയറി പിന്നീട് ശംഖുംമുഖം ദേവീക്ഷേത്രത്തിന്‍റെ സമീപത്തെ പാർക്കിലൂടെ എഴുന്നള്ളത്ത് പുറത്തേക്കിറങ്ങും. വിമാനത്താവളത്തിനുള്ളിൽ ആചാര പൂജയ്ക്കായി 16 കൽമണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. ആറാട്ട് കഴിഞ്ഞുള്ള മടക്കയാത്രയും വിമാനത്താവളത്തിനുള്ളിലൂടെയാണ്.
മീനത്തിലെ പൈങ്കുനി ഉത്സവത്തിനും തുലാമാസത്തിലെ അൽപ്പശി ഉത്സവത്തിനുമാണ് ഇത്തരത്തിൽ ആറാട്ട് നടത്തുന്നത്. നിരവധി പേർ ഘോഷയാത്രയെ അനുഗമിക്കും.