പി.ബി. ബിച്ചു
ഓരോ മുന്നണിയുടെയും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ ഏറെക്കുറെ പൂർത്തിയായതോടെ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനൊപ്പം മെട്രൊ വാർത്തയും 'സ്ഥാനാർഥിക്കൊപ്പം' മണ്ഡലങ്ങളിലേക്കെത്തുകയാണ്. കേരള തലസ്ഥാനവും ആദ്യ മണ്ഡലവുമായ തിരുവനന്തപുരത്താണ് തുടക്കം. സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ശശി തരൂർ, എതിർ സ്ഥാനാർഥി സിപിഐയുടെ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര സഹമന്ത്രിയായ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമുള്ള പര്യടങ്ങളിൽനിന്ന്....
ഭരണ സിരാകേന്ദ്രവും നിയമനിര്‍മാണ സഭയും രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം, സംസ്ഥാനത്ത് മധ്യവര്‍ഗത്തില്‍ പെടുന്ന നഗര വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന പ്രധാന ലോക്സഭാ മണ്ഡലം കൂടിയാണ്. 72.17 ശതമാനം നഗരവോട്ടുകളും 27.17 ശതമാനം ഗ്രാമീണ വോട്ടുകളും ഒള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ 1,763,706 വോട്ടര്‍മാരാണുള്ളത്. സാക്ഷരതാ നിരക്ക് 84.37 ശതമാനമുള്ള മണ്ഡലം.
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ജാതി സമവാക്യത്തില്‍ 2011 ലെ സെന്‍സസ് പ്രകാരം 14 ശതമാനം ക്രസ്ത്യാനികളും, 9.1 ശതമാനം മുസ്‌ലിം 9.52 ശതമാനം പട്ടികജാതി വിഭാഗവും 0.45 ശതമാനം പട്ടിക വര്‍ഗ വിഭാഗവും 0.01 ശതമാനം വീതം ബുദ്ധ, സിഖ് മതവിഭാഗങ്ങളും, 66.91 ശതമാനം മറ്റു ഹിന്ദു വിഭാഗവും സമ്മതിദായകരായുണ്ട്.
മണ്ഡലത്തില്‍ ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പമാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ മൂന്ന് തവണയായി ഈ ട്രെന്‍ഡ് കാണിക്കുന്നില്ലെന്നതാണ് വസ്തുത. അതേസമയം, കേരളത്തിന്‍റെ മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനെയും പി.കെ. വാസുദേവന്‍ നായരെയും ഇരു കൈകളും നീട്ടി സ്വീകരിച്ച തിരുവനന്തപുരം മണ്ഡലം, കന്നി തെരഞ്ഞെടുപ്പില്‍ ആദ്യ വനിതയ്ക്കും അവസരം നല്‍കി ചരിത്രം സൃഷ്ടിച്ചതാണ്.
ഇന്ത്യയുടെ അഭിമാനം, തിരുവനന്തപുരത്തിന് സ്വന്തം. ഡോ. ശശി തരൂർ... സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ തലസ്ഥാനത്തെ മുക്കിലും മൂലയിലും യുഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു. പൊതുപരിപാടികളും സംവാദങ്ങളുമൊക്കെയായി നഗരത്തിലെ വേദികളിലും കലാലയങ്ങളിലും സാന്നിധ്യമായിരുന്ന തരൂർ പാർലമെന്‍റ് മണ്ഡലം കൺവൻഷൻ പൂർത്തിയാക്കിയതോടെ പ്രചാരണത്തിൽ സജീവമായി.
നേരത്തെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ ഇടതുപക്ഷവും എൻഡിഎയും പ്രചാരണത്തിൽ ഒരുപടി മുന്നിലാണെങ്കിലും, 15 വർഷമായി സിറ്റിങ് എംപിയായ തനിക്ക് കാടിളക്കി പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് തരൂർ.
യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വിശ്വ പൗരനെന്ന വിശേഷണണനത്തോടെയാണ് 2009ൽ ശശി തരൂര്‍ തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാനെത്തുന്നത്. മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 1,00,025 വോട്ടുകള്‍ക്ക് സിപിഐയിലെ പി. രാമചന്ദ്രന്‍നായരെ തോല്‍പ്പിച്ചു. നഗരവോട്ടുകളുടെ സ്വാധീനമാണ് തരൂരിന് വിജയമൊരുക്കിയതെന്നായിരുന്നു രാഷ്‌ട്രീയ വിലയിരുത്തല്‍.
അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർഥികളെ തോൽപ്പിച്ചായിരുന്നു തരൂരിന്‍റെ മുന്നേറ്റം, 2014ൽ ഒ. രാജഗോപാലിനെയും 2019ൽ കുമ്മനം രാജശേഖരനെയും. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം അൽപ്പം വൈകിയെങ്കിലും തിരുവനന്തപുരത്തുകാർക്ക് തങ്ങളുടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല. കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിച്ച സമരാഗ്നിയെന്ന പ്രതിഷേധ പരിപാടിയുടെ പുത്തരിക്കണ്ടത്തെ സമാപന വേദിയിൽ തന്നെ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ശശി തരൂരിനായി വോട്ടഭ്യർഥന നടത്തിയത് തരൂരിന്‍റെ സ്ഥാനാർഥിത്വം ഉറപ്പിച്ചുകൊണ്ടായിരുന്നു.
ഇതിനും ആഴ്ചകൾക്ക് മുൻപേ തരൂരും മണ്ഡലത്തിൽ സജീവമാണ്. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകൾ, ആരാധനാലയ സന്ദർശനങ്ങൾ, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തുടങ്ങിയ പരിപാടികൾ. പാർലമെന്‍റ് കൺവെൻഷനു ശേഷം ജനങ്ങളിലേക്കിറങ്ങി നേരിട്ടുള്ള പ്രചരണത്തിൽ ശ്രദ്ധിക്കുന്നു.
പ്രചാരണത്തിലുടനീളം എതിർ സ്ഥാനാർഥികളുടെ ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കും കൃത്യമായ മറപടി നൽകിയാണ് ശശി തരൂർ മുന്നോട്ട് പോകുന്നത്. 15 വർഷമായി മണ്ഡലത്തിന്‍റെ വികസനത്തിന് എംപി ഒന്നും ചെയ്തില്ലെന്ന ഇടത് - എൻഡിഎ സ്ഥാനാർഥികളുടെ ആരോപണത്തോട് ശശി തരൂർ പ്രതികരിക്കുന്നത് ഇങ്ങനെ:-
സ്ഥലം ഏറ്റെടുത്ത് 40 വർഷമായിട്ടും പണി തുടങ്ങാതെ മുടങ്ങിക്കിടന്ന ദേശീയ പാത ബൈപാസ് നിർമാണവും വിഴിഞ്ഞം തുറമുഖവും യുഎഇ കോൺസുലേറ്റും അടക്കമുള്ളവ യാഥാർഥ്യമാക്കാനും ടെക്നോപാർക്ക് വികസനത്തിനുമെല്ലാം വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചടക്കം നടത്തിയ ഇടപെടലുകൾ ഏറെയാണ്. തീരദേശ വാസികൾക്കു വേണ്ടിയടക്കം നടത്തിയ മാനുഷികമായ ഇടപെടലുകളും ഒട്ടേറെ. വാഗ്ദാനം ചെയ്തതു പോലെ തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാൻ ലോക്സഭയിൽ ബില്ല് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ബിജെപി പിന്തുണ നിഷേധിക്കുകയായിരുന്നു. എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ലെന്നു പറയുന്നത് മൂന്ന് തവണ എന്നെ ജയിപ്പിച്ച വോട്ടർമാരെ അപമാനിക്കലാണ്.ശശി തരൂർ, യുഡിഎഫ് സ്ഥാനാർഥി.
ഔദ്യോഗിക പ്രഖ്യാപനം വരാതെ പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ലെന്നതിനാലാണ് വോട്ടഭ്യർഥിച്ച് ഇറങ്ങാതിരുന്നത്. എന്നാൽ, എംപിയെന്ന നിലയിൽ പ്രവർത്തനം തുടരുന്ന താൻ മണ്ഡലത്തിലെ ഓരോ വേദിയിലും പൊതുപരിപാടികളിലുണ്ടായിരുന്നു. ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല വോട്ട് തേടുന്നത്. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കാറുള്ളത്. തിരുവനന്തപുരത്തുകാർക്ക് തന്നെ അറിയാം. 15 വർഷമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണെന്നും പ്രത്യേക പ്രചരണം ആവശ്യമില്ല. തിരുവനന്തപുരത്ത് എംപിയെ കാണാൻ ഇല്ലെന്ന പ്രചരണത്തിന്
എപ്പോഴും തിരുവനന്തപുരത്ത് ഇരിക്കാനല്ല തന്നെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നതെന്നെന്നും ഡൽഹിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വിവിഐപി മണ്ഡലമായ തിരുവനന്തപുരത്തേക്ക് അപ്രതീക്ഷിതമായൊരു സെലിബ്രിറ്റി സ്ഥാനാർഥി. അതും ജയിച്ചാൽ തലസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്‍റിയോടെ. അങ്ങനെ എൻഡിഎ സ്ഥാനാർഥിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് പ്രചാരണത്തിൽ സജീവമായപ്പോൾ വിദ്യാർഥികളും യുവാക്കളും സ്ത്രീകളും തുടങ്ങി ആബാലവൃദ്ധം പേരും ഒപ്പമിറങ്ങുകയാണ്.
യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയായി ഹാട്രിക് തികച്ച വിശ്വപൗരൻ ശശി തരൂരിനെ ഇത്തവണ മുട്ടുകുത്തിക്കുന്നതിന് തന്നെയാണ് സംരഭകനും വിവരസാങ്കതിക വിദ്യയുടെ മുൻനിര പ്രചാരകനുമായ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രിയെ തന്നെ എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത്.
മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടിങ് ശതമാനം പരിശോധിക്കുമ്പോൾ രണ്ടാമതായി ഫിനിഷ് ചെയ്യുന്ന എൻഡിഎ മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് തലസ്ഥാനത്ത് രാജീവം വിരിയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് പ്രവർത്തനം.
ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ തന്നെ ഇടം നേടി തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വരെ ആദ്യഘട്ട സന്ദർശനം നടത്തിക്കഴിഞ്ഞു. തീരദേശം, നഗരം, മലയോരമേഖല വിവിധ കോളനികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് ജനങ്ങളെ നേരിൽ കണ്ടാണ് രാജീവിന്‍റെ മണ്ഡല പര്യടനം മുന്നോട്ട് പോകുന്നത്.
തൃശൂർ ദേശമംഗലത്തിനടുത്ത് കൊണ്ടിയൂർ സ്വദേശിയാണെങ്കിലും തലസ്ഥാനത്തെ ജനങ്ങളെ ഇതിനോടകം മനസിലാക്കിക്കഴിഞ്ഞെന്നും ഒരു മാറ്റത്തിനായി അവർ കൊതിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു.
ഇന്ത്യൻ എയർഫോഴ്സിൽ എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖറിന്‍റെയും ആനന്ദവല്ലി അമ്മയുടെയും മകനായി അഹമ്മദാബാദിലായിരുന്നു രാജീവിന്‍റെ ജനനം. ഇന്ത്യയിലെ വിവിധയിടങ്ങളിൽ സ്കൂൾ പഠനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, ഷിക്കാഗോയിലെ ഇല്ലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ് മാനെജ്മെന്‍റ് പ്രോഗ്രാം പൂർത്തിയാക്കി. 1988 മുതൽ 1991 വരെ ലോകോത്തര ഐടി കമ്പനിയായ ഇന്‍റലിൽ ജോലി ചെയ്ത രാജീവ് കർണാടകയിൽ നിന്നു രാജ്യസഭാംഗമായതോടെ മുഖ്യധാരാ രാഷ്‌ട്രീയക്കാരനായി.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രിയായ അദ്ദേഹം ബിജെപി ദേശീയ വക്താവും എൻഡിഎ കേരള ഘടകം വൈസ് ചെയർമാനുമായി പ്രവർത്തിച്ചതിന്‍റെ പരിചയവും പ്രചാരണത്തിൽ ഉപയോഗിക്കുന്നുണ്ട്. പുറത്തുനിന്നെത്തിയ സ്ഥാനാർഥിയെന്ന് തോന്നിപ്പിക്കാത്ത തരം കാടിളക്കിയുള്ള പ്രചാരണത്തിനായി നൂറുകണക്കിന് പ്രവർത്തകരാണ് ബൂത്തുകളിൽ ഓടി നടക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രാജീവ് ചന്ദ്രശേഖറുടെ സൈബർ സേന ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു. തിരുവനന്തപുരത്തിന്‍റെ വീഥികളിലെല്ലാം രാജീവ് ചന്ദ്രശേഖറുടെ ഫ്ലക്സുകളും പോസ്റ്ററുകളും ആദ്യമേ തന്നെ സ്ഥാനം പിടിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 'രാജീവ് ഫോര്‍ തിരുവനന്തപുരം' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികൾ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. അദ്ദേഹത്തിന്‍റെ വിജയത്തിനായി ഇവരും തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലുടനീളം വിവിധ പ്രചാര പരിപാടികള്‍ സംഘടിപ്പിക്കുന്നു. നഗരത്തിലെ വിവിധ കോളെജുകളില്‍ നിന്നായി എൺപതോളം വിദ്യാർഥി യുവജനങ്ങളാണ് ഈ കൂട്ടായ്മയില്‍ അണിനിരന്നത്. രാജീവ് ചന്ദ്രശേഖറിന്‍റെ വികസന കാഴ്ചപ്പാട് നോക്കിയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ഈ സന്ദേശം കൂടുതല്‍ യുവജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറയുന്നു.
തീരശോഷണം മൂലം തലസ്ഥാനത്തെ തീരദേശ വാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ തനിക്ക് മനസിലായെന്നും പരിഹാര നടപടികൾ ഉണ്ടാകുമെന്നും തീരമേഖയിലെ പ്രചാരണത്തിനിടെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി തിരുവനന്തപുരത്തെ തീരമേഖലയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന്‍റെയും സഹായങ്ങൾ ഉറപ്പാക്കും. തീരദേശ വാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വലിയതുറയിൽ പ്രദേശവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേൾക്കാൻ ഏറെ സമയം ഇവിടെ ചെലവിട്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ തെരഞ്ഞെടുപ്പു പര്യടനം.
''വിശ്വപൗരനെയല്ല, വിശ്വസിക്കാവുന്ന പൗരനെയാണ് തലസ്ഥാനത്തിനു വേണ്ടത്..., പാവങ്ങളുടെ ശബ്ദം പാർലമെന്‍റിലെത്താൻ പന്ന്യൻ വേണം...'' ഇങ്ങനെ പോകുന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ടാഗ് ലൈൻ. 2005ല്‍ പന്ന്യന്‍ രവീന്ദ്രൻ ജയിച്ച ശേഷം അടുത്ത തെരഞ്ഞെടുപ്പ് മുതൽ നഷ്ടപ്പെട്ട തിരുവനന്തപുരം സീറ്റ് പന്ന്യനിലൂടെ തന്നെ തിരിച്ചെടുക്കാൻ കട്ടയ്ക്ക് നിന്നുള്ള വലിയ പ്രചാരണമാണ് ഇടതുമുന്നണി നടത്തുന്നത്.
സിപിഐ സ്ഥാനാർഥികളെ വളരെ മുൻപേ പ്രഖ്യാപിച്ചതിനാൽ തലസ്ഥാനത്ത് പ്രചാരണം രണ്ടാം ഘട്ടത്തിലെത്തിക്കഴിഞ്ഞു. വർഷങ്ങളായി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുന്ന ജനകീയനായ പന്ന്യനെ വൻ ഭൂരിപക്ഷത്തോടെ ഇത്തവണ പാർലമെന്‍റിലേക്ക് അയക്കണമെന്നാണ് ഇടത് മുന്നണിയുടെ അഭ്യർഥന.
കണ്ണൂർ സ്വദേശിയാണെങ്കിലും 1979 മുതല്‍ പാർട്ടി പ്രവർത്തനങ്ങളുമായി തിരുവനന്തപുരത്തെ സാന്നിധ്യമായിരുന്ന പന്ന്യൻ 1986 മുതൽ തലസ്ഥാനത്ത് സ്ഥിരതാമസക്കാരനാണ്. തലസ്ഥാനത്തെ പാർട്ടി ആസ്ഥാന ഓഫിസിലായിരുന്നു പന്ന്യന്‍റെ താമസം. സിപിഐ ആസ്ഥാന മന്ദിരം പുതുക്കിപ്പണിയുന്നതിനാൽ ജോയിന്‍റ് കൗൺസിലിന്‍റെ ആസ്ഥാന മന്ദിരത്തിലാണ് ഉറക്കം. ഉറക്കമെന്ന് പറഞ്ഞാൽ പാർട്ടി പ്രവർത്തനത്തിനിടെ ഉറങ്ങാൻ മാത്രമാവും പലപ്പോഴും അവിടെയത്തുക. രാത്രി തങ്ങുന്ന ജോയിന്‍റ് കൗൺസിലിന്‍റെ ആസ്ഥാന മന്ദിരത്തിൽനിന്ന് റോഡ് മുറിച്ച് കടന്നാൽ ചായക്കടയായി. അവിടെ നിന്നാണ് രാവിലത്തെ ഭക്ഷണം. രാവിലെ പുട്ടും ഒരു കട്ടനും കഴിച്ച് പ്രചാരണത്തിലേക്ക്. ഭക്ഷണം ആവശ്യത്തിന് മാത്രം മതിയെന്നതാണ് പന്ന്യന്‍റെ പക്ഷം.
പാര്‍ലമെന്‍ററി ജനാധിപത്യ രീതിയില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ അധികാരിയായി പ്രവര്‍ത്തിക്കണം എന്ന മോഹമൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ വളരെ പാടുപെട്ടാണ് തെരഞ്ഞെടുപ്പിലേക്ക് ഇറക്കിയത്. മതപരമായി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത രാജ്യമായി ഇന്ത്യയെ മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു. അവകാശപ്പെട്ടതെല്ലാം തടഞ്ഞുവച്ച് കേരളത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തെ രക്ഷിക്കാന്‍ ഒരു നാഥനുണ്ട്. അത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നന്മയുടെ ഗ്യാരന്‍റിയാണ് എല്‍ഡിഎഫ് അതിനാണ് വോട്ട് ചെയ്യേണ്ടത്പന്ന്യൻ രവീന്ദ്രൻ, എൽഡിഎഫ് സ്ഥാനാർഥി.
2005ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച പന്ന്യന്‍ രവീന്ദ്രന് ഇത്തവണ രണ്ടാം അങ്കം. പാർലമെന്‍റിലേക്കുള്ള ടിക്കറ്റിനായി നീളൻ മുടിയുമായെത്തി വോട്ടഭ്യർഥന നടത്തിയ സ്ഥാനാർഥിയുടെ വിജയം അന്ന് കേരളമാകെ വൈറലായിരുന്നു. കൂടാതെ അക്കാലത്ത് പുറത്തിറങ്ങിയ അന്യൻ എന്ന സിനിമയും അതിലെ മുടി നീട്ടിവളർത്തിയ കഥാപാത്രങ്ങളും അന്യനെയും പന്ന്യനെയും ചർച്ചയാക്കി.
2004ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. വാസുദേവന്‍ നായര്‍ മരണപ്പെട്ടതോടെയാണ് തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനായി വി.എസ്. ശിവകുമാറാണ് മത്സരിച്ചത്. അന്ന് 3,90,324 വോട്ട് നേടിയാണ് പന്ന്യന്‍ വിജയിച്ചത്. 51.41 ശതമാനമായിരുന്നു വോട്ട് വിഹിതം. ബിജെപി സ്ഥാനാർഥി സി.കെ. പദ്മനാഭൻ മൂന്നാം സ്ഥാനത്തായി.
ലോക്സഭാ മണ്ഡലത്തിലെ കോവളമൊഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടത് പക്ഷത്തിനൊപ്പമാണെന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ജനകീയനായ പന്ന്യനെ തന്നെ മുന്നണി കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്തുണ്ടായ വൻ തിരിച്ചടി മറികടക്കാൻ ഇടതുപക്ഷത്തിന് നന്നായി പരിശ്രമിക്കേണ്ടിവരും. കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ബിജെപിക്കു പിന്നില്‍ മൂന്നാം സ്ഥാനത്തായ ആദ്യ ലോക്‌സഭാ മണ്ഡലമാണിത്.
കണ്ണൂര്‍ ജില്ലയിലെ കക്കാട്ട് പന്ന്യന്‍ വീട്ടില്‍ രാമന്‍റെയും യശോദയുടെയും മകനായി 1945ല്‍ ജനിച്ച പന്ന്യൻ രവീന്ദ്രൻ പാർട്ടി പ്രവർത്തനത്തിലൂടെ ജനകീയനായത് തലസ്ഥാനത്തായിരുന്നു. സ്ഥാനാർഥിത്വം ലഭിക്കും മുമ്പേ തന്നെ തിരുവനന്തപുരം നഗരത്തിലെ ഇടവഴികളിലും ചായക്കടകളിലും വരെ സാധാരണക്കാരോടൊപ്പം പന്ന്യനെയും കാണാമായിരുന്നു. അതാണ് പാർട്ടിക്കാരും നാട്ടുകാരും സ്നേഹത്തോടെ വിളിക്കുന്ന രവിയേട്ടൻ. രണ്ടാം തവണ മത്സരത്തിനിറങ്ങുമ്പോൾ ഇടത് മുന്നണിയുടെ പോസ്റ്ററുകളിലും അങ്ങനെ 'തിരുവനന്തപുരത്തിന്‍റെ സ്വന്തം രവിയേട്ടൻ' എന്ന ടാഗ് ലൈനും കടന്നെത്തി.
കക്കാട് കോര്‍ജാന്‍ യുപി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോള്‍ തന്നെ ബീഡി തൊഴിൽ ചെയ്താണ് പന്ന്യൻ തൊഴിലാളികൾക്കിടയിലേക്കറിങ്ങിയത്. പതിനഞ്ചാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1965ല്‍ സിപിഐയുടെ നേതൃത്വത്തില്‍ നടന്ന ബാങ്ക് ദേശസാത്കരണ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. 1979 മുതല്‍ 1982 വരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റായിരുന്നു.
'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായ പന്ന്യൻ 1982 മുതല്‍ 1986 വരെ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ലെ ആദ്യ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെയായിരുന്നു പാര്‍ലമെന്‍ററി രംഗത്തേക്കുള്ള പന്ന്യന്‍റെ അരങ്ങേറ്റം. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ സജീവമായെങ്കിലും തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാൻ എത്തിയതോടെ സംസ്ഥാന രാഷ്‌ട്രീയത്തിലും ശ്രദ്ധയനായി. 2005ലെ വിജയത്തിന് ശേഷം 2011ൽ പറവൂരിൽ വി.ഡി. സതീശനോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.