കോഴിക്കോട്: രാജ്യത്ത് തന്നെ അത്യപൂർവ്വവും ഉത്തര കേരളത്തിലെ ആദ്യത്തേതുമായ ഫ്രോസൺ എലഫന്‍റ് ട്രങ്ക് സർജറി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.കോഴിക്കോട് ചാത്തമംഗലം പാഴൂരിലെ അബ്ദുൽ സലാമിനാണ് ഗുരുതരമായ ഹൃദ്രോഗത്തെ തുടർന്ന് അതിസങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്.
ഹൃദയത്തിൽ നിന്നും ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന മഹാധമനിക്ക് പകരം കൃത്രിമ രക്തക്കുഴലുകൾ തുന്നിച്ചേർക്കുന്നതാണ് ഫ്രോസൺ എലഫന്‍റ് ട്രങ്ക് സർജറി. അന്നൂറിസം ബാധിച്ച മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും ഹൃദയത്തിൽ നിന്നും വേർപെടുത്തിയും ഹൃദയത്തിന്‍റെ പ്രവർത്തനവും തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കുമുള്ള രക്തയോട്ടവും നിർത്തിവെപ്പിച്ചുമാണ് അതിസങ്കീർണമായ ഫ്രോസൺ എലഫന്‍റ് ട്രങ്ക് സർജറി നടത്തുന്നത്. ശസ്ത്രക്രിയയിൽ നേരിയ പാളിച്ച സംഭവിച്ചാൽ അത് രോഗിയെ മരണത്തിലേക്കോ തളർച്ചയിലേക്കോ നയിച്ചേക്കാം.
ശസ്ത്രക്രിയ നടത്തിയ ആറുമണിക്കൂറുകളോളം ഈ രോഗിയുടെ ശരീരം പ്രവത്തിച്ചത് ഹൃദയമില്ലാതെ ഹാർട്ട് ലങ്ങ് മെഷീനിന്‍റെ സഹായത്തോടെയാണ്. ഇതിൽ എഴുപത്തിനാല് മിനിട്ടുകളോളം തലച്ചോറിലേക്ക് ഹൃദയം പമ്പ് ചെയ്യാതെയാണ് രക്തം നൽകിയത്. മൂന്ന് മിനുട്ടിൽ കൂടുതൽ തലച്ചോറിലേക്ക് രക്തത്തിന്‍റെ ഒഴുക്ക് നിലച്ചു പോയാൽ മസ്തിഷ്ക മരണം സംഭവിക്കുന്ന അവസ്ഥയിൽ നിന്ന് വിജയകരമായ ശസ്ത്രക്രിയ പൂർത്തിയാക്കിക്കൊണ്ട് ഡോ. ബിജോയിയുടെ നേതൃത്വത്തിലുള്ള സർജറി വിഭാഗവും, ഡോ.സൽമാൻ സലാഹുദ്ദീൻ നേതൃത്വം നൽകുന്ന കാർഡിയോളജി വിഭാഗവും ഡോ.സുനിൽ രാജേന്ദ്രൻ നേതൃത്വം നൽകുന്ന വാസ്‌കുലാർ സർജറി വിഭാഗവും ഡോ.സുജാത നേതൃത്വം നൽകുന്ന അനസ്തേഷ്യ വിഭാഗവും ഗിരീഷ് എച്ച് നേതൃത്വം നൽകുന്ന പെർഫ്യൂഷൻ വിഭാഗവും പരിചയസമ്പന്നരായ നഴ്സുമാരും അടങ്ങിയ മെഡിക്കൽ ടീമും മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു.
രണ്ട് മാസം മുൻപാണ് അബ്ദുൾ സലാം ആസ്റ്റർ മിംസിൽ ചികിത്സതേടി എത്തിയത്. ഹൃദയ ധമനികളിലെ തകരാറ് എന്‍ഡോ വാസ്കുലാർ സ്റ്റെന്‍റിങ്ങിലൂടെ മറ്റൊരു ആശുപത്രിയിൽ ചികിത്സിച്ച് ആഴ്ചകൾ പിന്നിട്ടപ്പോഴാണ്, മഹാധമനിയിൽ പുതുതായി അന്നൂറിസം രൂപപ്പെടുകയും ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും പൊട്ടുന്ന നിലയിലേക്ക് രോഗാവസ്ഥ മാറുകയും ചെയ്തത്. അടിയന്തിര ശസ്ത്രക്രിയ നടത്തി അന്നൂറിസം ബാധിച്ച മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും മാറ്റിവെച്ചിട്ടില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിൽപ്പെടുന്ന അവസ്ഥയിലാണ് രോഗിയെ മിംസ് ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ ജീവൻ രക്ഷിക്കാൻ ഫ്രോസൺ എലഫന്‍റ് ട്രങ്ക് എന്ന സർജറി മാത്രമായിരുന്നു പോംവഴി. വിജയശതമാനം വളരെ കുറവായിട്ടും ഈ സർജറി ഏറ്റെടുത്ത് നടത്താൻ ഡോ. ബിജോയി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം സജ്ജമായി.
വളരെയേറെ സാമ്പത്തിക ചെലവു വരുന്ന ഈ സർജറി നടത്താൻ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂറിന്‍റെയും വാർഡ് മെമ്പർ ഇ പി വത്സലയുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ച് നാടും നാട്ടുകാരും അബ്ദുൾ സലാമിന്‍റെ കൂടെനിന്നു. നാലു ദിവസം കൊണ്ടാണ് ഈ കൂട്ടായ്മ ശസ്ത്രക്രിയക്കാവശ്യമായ ധനസമാഹരണം നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത അബ്ദുൽ സലാം സുഖംപ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.