Thomas K Thomas 
Kerala

തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം സ്ഥിരീകരിച്ച് നേതൃത്വം

ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തു

തിരുവനന്തപുരം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വത്തിൽ നിലനിന്നിരുന്ന പ്രതിസന്ധി നീങ്ങുന്നു. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലിനു പിന്നാലെ വനം​ മന്ത്രി​ സ്ഥാനത്തുനിന്ന് എ.കെ.​ ശശീന്ദ്രൻ മാറി, പകരം കുട്ടനാട് എംഎൽ​എ തോമസ് കെ.​ ​തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.​ ചാക്കോ അറിയിച്ചു.​

ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം 3ന് ​മുഖ്യമന്ത്രിയെ കാണുമെന്നു പി.സി.​ ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.​ മന്ത്രിസ്ഥാനത്തിന്‍റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്ന സംശയം ഉയരുന്നതിനിടെയാണ് ചാക്കോ തീരുമാനം അറിയിച്ചിരിക്കുന്നത്.​

ശശീന്ദ്രൻ മാറണമെന്ന പാർട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. ​അതേസമയം, ചാക്കോ അറിയിച്ച തീരുമാനത്തോട് ശശീന്ദ്രൻ കൃത്യമായ പ്രതികരണം​ നടത്തിയിട്ടില്ല. തനിക്കൊപ്പം നിൽക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനുള്ള നീക്കം അണിയറയിൽ ശശീന്ദ്രൻ നടത്തുന്നുണ്ട്.​ പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടെന്നു വന്നാൽ അന്തിമ തീരുമാനം​ നീളുമെന്നാണ് ശശീന്ദ്രൻ പ്രതീക്ഷിക്കുന്നത്.

എന്നാൽ ശരദ് പവാറിന്‍റെയും പി.സി.​ ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്നാണ് തോമസ് കെ. തോമസിന്‍റെ പ്രതീക്ഷ. എൻസിപിയിലെ രണ്ട് എംഎൽഎമാരും രണ്ടര​ വർഷം ​വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തെരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെയാണ് കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻസിപി സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റത്.

മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, പിന്നീട് ചാക്കോയും ജില്ലാ അധ്യക്ഷന്മാരും തോമസ് ​കെ. ​തോമസിന്‍റെ ആവശ്യത്തെ പിന്തുണച്ചതോടെ മന്ത്രിമാറ്റ ചർച്ചകൾ കൂടുതൽ സജീവമാവുകയായിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?