തൃശൂർ പൂരം കലക്കൽ വിവാദം വീണ്ടും ചൂടുപിടിക്കുന്നു 
Kerala

തൃശൂർ പൂരം കലക്കൽ വിവാദം വീണ്ടും ചൂടുപിടിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയ തൃശൂര്‍ പൂരം വിവാദം എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കൂടിയെത്തിയതോടെ വീണ്ടും ചൂടുപിടിക്കുന്നു. പൂരം അലങ്കോലമാക്കി തൃശൂർ പാർലമെന്‍റ് സീറ്റിൽ ബിജെപിയെ സഹായിക്കാൻ‌ എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ നേൃത്വത്തിൽ ഗൂഢാലോചന നടന്നെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ അതേ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ നിയോഗിച്ചതും ഗൂഢാലോചയില്ലെന്ന് വ്യക്തമാക്കി എഡിജിപി കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടുമാണ് വിവാദങ്ങൾക്ക് ചൂടുപിടിപ്പിച്ചിരിക്കുന്നത്.

അഞ്ച് മാസമായി പൂഴ്ത്തി വച്ച 1200 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട്, രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ തിടുക്കപ്പെട്ട് സമര്‍പ്പിച്ചെങ്കിലും പൂരം അലങ്കോലമാക്കിയതിനെക്കുറിച്ചുള്ള എഡിജിപിയുടെ കണ്ടെത്തല്‍ സിപിഐയേയും ദേവസ്വം പ്രതിനിധികളെയും ചൊടിപ്പിച്ചിട്ടുണ്ട്. പൂരം കലക്കിയതില്‍ സംശയനിഴലില്‍ നില്‍ക്കുന്ന എഡിജിപി നടത്തിയ അന്വേഷണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തിയതോടെ വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.

അന്വേഷണ റിപ്പോർട്ടിൽ പരക്കെ അതൃപ്തി

എം.ആർ. അജിത് കുമാർ

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്നതിന് തെളിവില്ലെന്നും ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നും വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ശനിയാഴ്ച വൈകുന്നേരത്തോടെ എഡിജിപി എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ചത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെ മറ്റു നടപടികളെ പൂര്‍ണമായും ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കോടതി നിര്‍ദേശങ്ങളുടെ ഭാഗമായാണ് പൊലീസ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചതെന്നു വിശദീകരിച്ചു കൊണ്ട് സുരക്ഷ ഒരുക്കിയതിന്‍റെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൂരത്തിലെ ചില ചടങ്ങുകള്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നെന്നും അതിനു പിന്നില്‍ പൊലീസിന്‍റെ ഗൂഢാലോചനയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളിയായിട്ടും ഉത്സവച്ചടങ്ങ് നടത്തേണ്ടത് എങ്ങനെയാണെന്ന് കമ്മിഷണര്‍ മനസിലാക്കിയില്ല. കമ്മിഷണര്‍ അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നു. സഹായത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. കമ്മിഷണര്‍ ജനങ്ങളോട് അനുനയത്തില്‍ ഇടപെട്ടില്ലെന്നും കാര്യങ്ങള്‍ കൈവിട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് പൂരം നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ദേവസ്വം അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിപിഐ ഉറച്ചു തന്നെ

വി.എസ്. സുനിൽ കുമാർ

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെ രൂക്ഷ വിമര്‍ശനവുമായി സിപിഐയും ദേവസ്വം പ്രതിനിധികളും പ്രതിപക്ഷവും രംഗത്തെത്തി. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. ഒരു കമ്മിഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വങ്ങൾക്കും തൃപ്തിയില്ല

പൂരം അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും തള്ളി. ഇങ്ങനെ ഉണ്ടാകുമെന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് ആവശ്യപ്പെട്ടു.

റിപ്പോർട്ട് പ്രഹസനം: പ്രതിപക്ഷം

വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. പൂരം കലക്കിയെന്ന ആരോപണം നേരിടുന്ന എഡിജിപി തട്ടിക്കൂട്ടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറവൂരില്‍ പറഞ്ഞു. സര്‍ക്കാരിന് ഗൂഢോലോചന ഒളിപ്പിച്ചു വയ്ക്കാനുള്ള തത്രപ്പാടാണെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വിശ്വാസ യോഗ്യമല്ലെന്നും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞിരുന്നില്ലെങ്കില്‍ അതും കലക്കിയേനെയെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനും വിമർശിച്ചു.

വിവാദത്തിന്‍റെ പൂരം

2024ല്‍ തൃശൂര്‍ പൂരം നടന്ന ഏപ്രില്‍ 19ന് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വിവാദത്തിലായത്. 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരില്‍ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പൊലീസിനെ ചോദ്യം ചെയ്തു. ആള്‍ക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്നും പരാതിയുയര്‍ന്നു.

പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലംമാറ്റുകയും സംഭവം അന്വേഷിക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണെമന്നായിരുന്നു നിര്‍ദേശമെങ്കിലും അഞ്ചു മാസം പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല.ഇ തിനിടയില്‍ കഴിഞ്ഞ ദിവസം പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന വിവരാവകാശ മറുപടി പുറത്ത് വന്നതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്.

തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് വിവരാവകാശ മറുപടി നല്‍കിയ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തും അന്വേഷണം തുടരുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍കൂടി അറിയിച്ചുമാണ് വിവാദത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചത്.

അൻവർ 'വീണ്ടും' പരസ്യ പ്രസ്താവനകൾ നിർത്തി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: സുപ്രീം കോടതി നിർണായക വിധി പറയും

ഇടതു നേതാവ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കൻ പ്രസിഡന്‍റ്

മഴ വീണ്ടും കനക്കും; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ട്രെയിനുകളിൽ ഭിക്ഷാടനത്തിനെതിരേ ക്യാംപെയിൻ