എം.എ. ഷാജി
തൃശൂർ: വഴികളായ വഴികളെല്ലാം ഇനി തൃശൂരിലേക്ക്. 10 ദേവീദേവന്മാര് പങ്കെടുക്കുന്ന വർണ- നാദങ്ങളുടെ ദേവോത്സവമായ തൃശൂര്‍ പൂരം ഇന്ന്. ലോകമെമ്പാടുമുള്ള പൂരപ്രേമികൾ കാത്തിരുന്ന പൂരങ്ങളുടെ പൂരം.
ദേശ ദൈവങ്ങളുടെ സാന്നിധ്യമറിയിച്ച് ഘടകപൂരങ്ങള്‍ എത്തുന്നതോടെ പൂരം പുലരും. ഘടകപൂരമായ കണിമംഗലം ശാസ്താവ് രാവിലെ 7.30ന് വടക്കുന്നാഥനില്‍ പ്രവേശിക്കുന്നതോടെ 36 മണിക്കൂര്‍ നീളുന്ന പൂരത്തിന് തുടക്കമാകും.
പൂരത്തിലെ മറ്റൊരു പങ്കാളിയായ നെയ്തലക്കാവിലമ്മ ഇന്നലെ രാവിലെ പൂരവിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുര നട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് നെയ്തലക്കാവിലമ്മ പൂര വിളംബരം നടത്തിയത്.
നെയ്തലക്കാവ് ഭഗവതി തുറന്നിട്ട തെക്കേ ഗോപുരനടയിലൂടെയാണ് ഇന്ന് സൂര്യോദയത്തിന് മുമ്പ് വടക്കുന്നാഥനെ പ്രണമിക്കാൻ കണിമംഗലം ശാസ്താവെത്തുക. തുടർന്ന് ഊഴമനുസരിച്ച് ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് ഘടകപൂരങ്ങളെത്തും. ഉച്ചയോടെ 8 ഘടകപൂരങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും.
രാവിലെ 7ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. കൊമ്പൻ തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 11.30ന് കോങ്ങാട് മധുവിന്റെ പ്രമാണികത്വത്തിൽ തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്ത് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്. കൊമ്പൻ ഗുരുവായൂർ നന്ദൻ തിടമ്പേറ്റും.
2.30ന് ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം വഹിക്കുന്ന പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. വൈകിട്ട് അഞ്ചോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം. 2 മണിക്കൂറോളം ആകാശത്ത് വർണങ്ങൾ നീരാടും. സ്പെഷ്യൽ കുടകളടക്കം 50ഓളം സെറ്റ് കുടകൾ വീതം ഇരുവിഭാഗവും വാനിലേറ്റും.
പാറമേക്കാവിന്റെ രാത്രി പൂരത്തിന് ചോറ്റാനിക്കര നന്ദപ്പൻ പ്രമാണിയാകും. പുലർച്ചെ 3ന് പ്രധാന വെടിക്കെട്ട്. തുടർന്ന് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ പകൽപ്പൂരം. എഴുന്നെള്ളിപ്പുകൾ ശ്രീമൂലസ്ഥാനത്ത് സമാപിച്ചാൽ ഇരു ഭഗവതിമാരും ഉപചാരം ചൊല്ലി പിരിയും.