കോഴിക്കോട്: പി.വി. അന്‍വര്‍ എംഎൽഎ ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അന്‍വറിന്‍റെ ചെയ്തികള്‍ തെറ്റാണ്. ജനങ്ങളില്‍ നിന്ന് നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിക്ക്. ജനങ്ങള്‍ നല്‍കിയ സൂര്യതേജസാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല- രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചതിച്ചു എന്ന് അന്‍വര്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്.
മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല. ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ല. അന്‍വര്‍ ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം. സിപിഎം അംഗമാണെങ്കില്‍ അന്‍വറിനെതിരേ നടപടിയെടുക്കാം. പക്ഷേ, അദ്ദേഹം സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല- രാമകൃഷ്ണന്‍ പ്രതികരിച്ചു.