തൃശൂര്‍: കഴിഞ്ഞ 10 വർഷം കണ്ടത് വികസനത്തിന്‍റെ ട്രെയിലർ മാത്രമെന്നും ഇനി സിനിമയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. പുതുവര്‍ഷം കേരളത്തിന് കേരളത്തിൽ പുതുവികസനത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും വർഷമാണ്. അടുത്ത 5 വർഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനും മുൻതൂക്കം. ദക്ഷിണേന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. ലോക്സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗിച്ചു.
കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറയാന്‍ മറന്നില്ല. മോദിയുടെ ഗ്യാരന്‍റി രാജ്യത്തിന്‍റെ വികസനമാണ്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത 5 വർഷം വികസനത്തിന്‍റെ കുതിപ്പ് കാണാം. കൂടുതൽ വന്ദേഭാരത് ട്രെയിനുകളുൾപ്പെടെ കൊണ്ടുവരും.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മോദി, കരുവന്നൂർ കേസും പ്രസംഗത്തിൽ പരാമർശിച്ചു. ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമായി. കേരള സർക്കാരിന് അഴിമതിയിലാണ് താത്പര്യം. ബംഗാളും ത്രിപുരയും അവർ നശിപ്പിച്ചു. ഇപ്പോൾ കേരളത്തെയും. കോളെജ് ക്യാംപസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു. സിപിഎമ്മുകാർ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെൺകുട്ടികളെ വിഷമത്തിലാക്കി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്നു പറഞ്ഞ അദ്ദേഹം, വടക്കുംനാഥന്‍റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.