കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 6.5 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.2 ശതമാനമായിരുന്നു. ലേബര്‍ ഫോഴ്സ് സര്‍വെ റിപ്പോര്‍ട്ട് പ്രകാരമാണിത്.
പുരുഷന്മാര്ക്ക് 2022 ഒക്റ്റോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 6.5 ശതമാനത്തില്‍ നിന്ന് 2023 ഒക്റ്റോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 5.8 ശതമാനമായി കുറഞ്ഞു. അതേസമയം സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2022 ഒക്റ്റോബര്‍-ഡിസംബറിലെ 9.6 ശതമാനത്തില്‍ നിന്ന് 2023 ഒക്റ്റോബർ- ഡിസംബറില്‍ 8.6 ശതമാനമായി കുറഞ്ഞു.
വിവിധ മേഖലകളിലായി സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പ്രത്യേകിച്ച് കുറഞ്ഞ ശമ്പളമുള്ള ജോലികളില്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. സ്ഥിരമായ ശമ്പളമുള്ള ജോലിയിലെ സ്ത്രീകളുടെ പങ്ക് മുന്‍ പാദത്തിലെ 52.8 ശതമാനത്തില്‍ നിന്ന് 2022-23 ഡിസംബര്‍ പാദത്തില്‍ 53 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 54.5 ശതമാനമായിരുന്നു.
അതേസമയം കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്ക് കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ദ്വിതീയ, തൃതീയ മേഖലകളില്‍ സ്ത്രീകളുടെ പങ്ക് മെച്ചപ്പെട്ടു. എന്നാല്‍ ഈ മേഖലകളില്‍ പുരുഷ തൊഴിലാളികളുടെ പങ്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. നിർമാണ ജോലികള്‍ ഉള്‍പ്പെടുന്നതാണ് ദ്വിതീയ മേഖലയിലെ തൊഴിലവസരങ്ങള്‍.