തിരുവനന്തപുരം: കര്‍ഷകരെ പാടെ മറന്നുകൊണ്ടുള്ള ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. 2016-17 ല്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച 6.8 ശതമാനമായിരുന്നത് 2023-24 ല്‍ 1.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇതു പരിഹരിക്കാനുള്ള യാതൊരു വിധ നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന പല ഘടകങ്ങള്‍ക്കും ബജറ്റ് വിഹിതത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു. കാര്‍ഷിക ഗവേഷണം, സഹകരണ മേഖലയുടെ ശാക്തീകരണം, എണ്ണക്കുരുകള്‍ക്ക് പ്രാധാന്യം, കര്‍ഷക കൂട്ടായ്മകളിലൂടെ പച്ചക്കറിയുടെ സപ്ലെ ചെയിനിന്‍റെ വികസനം, കാലാവസ്ഥാ അനുപൂരകമായ വിത്തിനങ്ങള്‍, നാച്വറല്‍ ഫാമിങ്, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വികസിത ഭാരതത്തിനായി കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിനും ആവശ്യം വേണ്ട തുക നീക്കിവെക്കാന്‍ തയ്യാറായിട്ടില്ല.
ഫോസ്ഫറസ്, പൊട്ടാഷ് മുതലായ രാസവളങ്ങളുടെ സബ്സിഡിയില്‍ വരുത്തിയിരിക്കുന്ന 24,894 കോടി രൂപയുടെ കുറവ്, രാസവളങ്ങളുടെ വില കുതിച്ചുയരുവാന്‍ കാരണമാകും. കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് ഇന്‍ററെസ്റ്റ് സബ്വൊന്‍ഷന്‍ സ്കീം. കാര്‍ഷിക വായ്പ എടുക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാന്‍ ഈ പദ്ധതി സഹായകരമായിരുന്നു. ആവശ്യമായ പലിശ ഇളവ് ഈ പദ്ധതിയില്‍ നിന്നായിരുന്നു വക കൊളളിച്ചിരുന്നത്. ഈ തുകയാണ് വെട്ടിക്കുറച്ച് 23,000 കോടിയില്‍ നിന്നും 22,600 കോടിയാക്കിയിട്ടുള്ളത്. കൃഷി ഉന്നതി യോജനയ്ക്ക് 2021-22 ല്‍ 13408.19 കോടി വകയിരുത്തിയിരുന്നത് 7447 കോടി രൂപയാക്കി കുറച്ചു. ഇതില്‍ നിന്നാണ് പുതിയതായി പ്രഖ്യാപിച്ച പച്ചക്കറി കൃഷിയും വിതരണ ശൃംഖല എന്ന പദ്ധതിക്കും തുക കണ്ടെത്തേണ്ടത്.