Representative image Freepik
Kerala

കലിയടങ്ങാതെ തീരം; 'കള്ളക്കടൽ' പ്രതിഭാസം നീളും

തിരുവനന്തപുരം: കന്യാകുമാരി മുതൽ ആലപ്പുഴ വരെയുള്ള തീരദേശത്ത് കലിയടങ്ങാതെ ആഞ്ഞടിച്ച് കടൽ. ഞായറാഴ്ച രാവിലെ ആരംഭിച്ച കടലാക്രമണം തിങ്കളാഴ്ചയും തുടർന്നു. ഇ‌ടയ്ക്ക് അൽപ്പം ശാന്തമായെങ്കിലും വർധിതവീര്യത്തോടെ തിരമാലകൾ ഉയർന്നുപൊങ്ങി തീരത്തേക്ക് അടിച്ചുകയറുകയായിരുന്നു. തിരയിളക്കം രണ്ടു ദിവസം കൂടി തുടരാനാണ് സാധ്യതയെന്ന് സമുദ്രപഠനഗവേഷണകേന്ദ്രം സൂചിപ്പിക്കുന്നു.

വീട് നഷ്ടപ്പെട്ട നൂറിലധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി കുടുംബങ്ങളെ ഇനിയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്ന് കലക്ടര്‍മാര്‍ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇത്ര രൂക്ഷമായി ഇതാദ്യം

കള്ളക്കടൽ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മുമ്പ് ഇത്ര രൂക്ഷമായിട്ടില്ലെന്നും ഇത്രയും നാശം തീരത്ത് ഉണ്ട‌ായിട്ടില്ലെന്നുമാണ് മത്സ്യത്തൊഴിലാളികളും തീരവാസികളും പറയുന്നത്. ആലപ്പുഴയുടെ തീരത്ത് പലയിടത്തും കടൽ 50 മീറ്ററിലധികം ഉൾവലിഞ്ഞത് തീരവാസികളെ കൂടുതൽ ആശങ്കപ്പെടുത്തുന്നു. മുമ്പ് സുനാമി ഉണ്ടായപ്പോഴാണ് മുന്നോടിയായി കടൽ ഇവിടങ്ങളിൽ ഉൾവലിഞ്ഞത്.

തിരുവനന്തപുരം, കന്യാകുമാരി ജില്ലകളുടെ തീരവും സമാന അവസ്ഥയിലായിരുന്നു. കൊല്ലത്തുണ്ടായിരിക്കുന്ന രൂക്ഷമായ കടലാക്രമണം തെക്കോട്ട് വ്യാപിക്കുന്നതായാണ് മത്സ്യത്തൊഴിലാളികളും പറയുന്നത്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയും ഉയരുന്നു.

പരിഹാരം ബീച്ച് നറിഷ്മെന്‍റ്

കടലാക്രമണം രൂക്ഷമാകുമ്പോഴും ശാശ്വതപരിഹാരം നിർദ്ദേശിക്കാനാകാതെ അധികൃതർ. എന്നാൽ ബീച്ച് നറിഷ്മെന്‍റ് മാത്രമാണ് പോംവഴിയെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കടലിൽ, തീരത്തു നിന്ന് അൽപ്പം ഉള്ളിലേക്ക് പോയി അടിഞ്ഞുകൂടിയിരിക്കുന്ന മണൽ ഡ്രഡ്ജ് ചെയ്ത മാറ്റുന്നതാണ് ബീച്ച് നരീഷ്മെന്‍റ്. ശാസ്ത്രീയപഠനങ്ങളും ഇത് ശരിവയ്ക്കുന്നതായി കൊച്ചുവേളി സ്വദേശി എം. പോൾ മെട്രൊ വാർത്തയോടു പറഞ്ഞു. ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണൽ തീരത്ത് ഇടാം. കടലിന് ആഴം ലഭിക്കുന്നതിലൂടെ തിരയടിയുടെ ശക്തി കുറയും. കടലാക്രമണത്തിന്‍റെ തീക്ഷ്ണത ദുർബലപ്പെടുക മാത്രമല്ല ഡ്രഡ്ജ് ചെയ്ത് ലഭിക്കുന്ന മണൽ തീരത്ത് നിക്ഷേപിക്കുമ്പോൾ രൂപപ്പെടുന്ന മണൽത്തിട്ട കേരളത്തിന്‍റെ തെക്കു മുതൽ വടക്കുവരെ 200 മീറ്റർ വീതിക്ക് കര സൃഷ്ടിക്കും.

കൂടുതൽ പഠനങ്ങൾ നടത്തി ഇവിടെ വേണമെങ്കിൽ സർക്കാരിന് തെക്കുനിന്ന് വടക്കോട്ട് തീരദേശറോഡ് നിർമിക്കാം. പശ്ചിമഘട്ടം നശിപ്പിച്ച് പാറകൊണ്ടുവന്നിട്ടാൽ കടലാക്രമണത്തിന് ശാശ്വത പരിഹാരമാകുകയില്ല. മാത്രമല്ല ഇത് വൻതോതിൽ അഴിമതിക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് പോൾ പറയുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു