#സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നടുറോഡില്‍ വിവാദമായ മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പൊലീസ്. സംഭവ ദിവസം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ച നിയമലംഘനം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും.
തൃശൂരില്‍ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടത്തല്‍. ബസിലെ സിസിടിവി ദൃശ്യം കാണാതായതിന് ഉത്തരവാദി ഡ്രൈവറാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴാണ് പുതിയ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. സംഭവം നടന്നതിന് പിറ്റേദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിന് സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് യദുവിന്‍റെ ഫോണും പരിശോധിക്കും.
അതിനിടെ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞ സംഭവത്തില്‍ എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, പരിശോധിച്ച് നടപടിയെടുക്കാന്‍ കന്‍റോണ്‍മെന്‍റ് പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. അന്യായമായി സംഘംചേരല്‍, ഗതാഗതതടസമുണ്ടാക്കല്‍, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മേയറും സംഘവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേരേ ബലപ്രയോഗം നടത്തി, റോഡില്‍ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പെരുമാറി, ഗതാഗതതടസമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. ഇതോടെയാണ് ഗതാഗത നിയമലംഘനത്തിന്‍റെ പേരില്‍ യദുവിനെതിരേ കൂടുതൽ നടപടിക്കൊരുങ്ങുന്നത്. അതേസമയം, മേയർക്കും എംഎൽഎയ്ക്കുമെതിരായ യദുവിന്‍റെ ഹർജി ഇന്ന് കോടതി പരിഗണിക്കും.
ഇടയ്ക്ക് ഫോണില്‍ സംസാരിച്ചിട്ടുണ്ടാവും, ഓര്‍മയില്ലെന്ന് യദു
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ യദുവിനെതിരേ പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നതിനിടെ പ്രതികരണവുമായി യദു. ഇടയ്ക്ക് ഫോണില്‍ സംസാരിച്ചുണ്ടാവുമെന്നും വളരെ അത്യാവശ്യമായി വീട്ടില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓര്‍മയില്ലെന്നും യദു പ്രതികരിച്ചു.
എന്നാല്‍ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോള്‍ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണില്‍ സംസാരിക്കുകയെന്നും യദു ചോദിച്ചു. തനിക്കുമേല്‍ ഇനിയും കേസ് വരുമെന്ന് ഉറപ്പാണ്. അതിനെ കോടതിയില്‍ നേരിടും.ഫോണ്‍ ഉപയോഗം നിയമലംഘനമാണെന്നും പക്ഷെ ചിലപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവാറുള്ളതെന്നും യദു പറഞ്ഞു.
സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്. നടപടി വരുമ്പോള്‍ അപ്പോള്‍ നോക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു. മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ ഡ്രൈവറാണെന്ന് ആരോപണത്തിനും യദു മറുപടി നല്‍കി. കാര്‍ഡ് കിട്ടേണ്ട ഏറ്റവും ആവശ്യക്കാരന്‍ താനാണ്. അങ്ങനെയാവുമ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. പക്ഷെ അത് കണ്ടുപിടിക്കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്നും യദു പ്രതികരിച്ചു.