തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവു നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടന്നിട്ടില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകി. തെരഞ്ഞെടുപ്പു നടത്തിപ്പിലുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു വരെയും സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ പരാജയപ്പെട്ടുവെന്നും വോട്ടു രേഖപ്പെടുത്തുന്നതിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
കനത്ത ചൂടിൽ മണിക്കൂറുകളോളം കാത്തു നിന്നിട്ടും വോട്ടു രേഖപ്പെടുത്താനാകാതെ നിരവധി പേർ മടങ്ങി പ്പോയി.
ആറു മണിക്ക് മുൻപ് ബൂത്തിലെത്തിയ പലർക്കും വോട്ടു രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായതായി പരാതിയിൽ ആരോപിച്ചിട്ടുണ്ട്. വടകരയിൽ രാത്രി വൈകി പോളിങ് നടന്നതിലും യുഡിഎഫ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.