VD Satheesan, Opposition leader, Kerala file
Kerala

പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് സ്റ്റണ്ട്: വി.ഡി. സതീശൻ

നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

കോട്ടയം: പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ. നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണ് ബിജെപി നടപ്പാക്കുന്നത്.

ഒരാള്‍ രാജ്യത്ത് ജീവിക്കണമോയെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് എന്ത് അവകാശമാണുള്ളത്. സര്‍ക്കാര്‍ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഉത്കണ്ഠയുണ്ടാക്കും. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രാണപ്രതിഷ്ഠ നടത്തി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തിയുള്ള നാടകമുണ്ടായത്. അതിന്‍റെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമവുമെന്ന് സതീശൻ പറഞ്ഞു.

പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നിയമത്തിനെതിരെ മുസ്ലീംലീഗ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നേയില്ലെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്. അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ച് ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ചെങ്കിലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്താനുള്ള ശ്രമമാണെന്ന കോണ്‍ഗ്രസ് നിലപാടാണ് രാജ്യം അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ പുതിയ ആയുധമെടുത്തിരിക്കുന്നത്.

ഭിന്നിപ്പിന്‍റെയും വിഭജനത്തിന്‍റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതിശക്തമായി നേരിടും. ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ അനുകൂലിക്കില്ല. നിയമത്തിനെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ സഹകരിക്കുമെന്നും കോണ്‍ഗ്രസും യുഡിഎഫും ചെറുക്കുമെന്നും നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?