തിരുവനന്തപുരം: പേരാമ്പ്രയിൽ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരേ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനെജർക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു മാനെജർക്ക് നിർദേശം നൽകിയത്. അടിയന്തരമായി നടപടി സ്വീകരിക്കാനാണ് നിർദേശം. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി. റോസിലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ദൈനംദിന കാര്യങ്ങൾ അല്ലാതെ, കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്കൂൾ തലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്കൂളുകൾ തയാറാകരുത്. വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല. അങ്ങിനെ അല്ലാത്ത പ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കലാമേളയുടെ ആവശ്യത്തിനായി ഓരോ കിലോ പഞ്ചസാരയോ 40 രൂപയോ നൽകണമെന്നായിരുന്നു നിർദേശം. ഇത് വിവാദമായതോടെ വിദ്യാർഥി സംഘടനകളടക്കം രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലെത്തിയിരിക്കുന്നത്