വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസ് ഡയറി സമർപ്പിക്കാൻ സാവകാശം തേടി പൊലീസ്. ആദ്യം അനുമതി നിഷേധിച്ച് ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചെങ്കിലും കോടതി പിന്നീട് ഈ മാസം 25 -ാം തീയതി വരെ സമയം അനുവദിച്ചു.
ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടേയും മുഹമ്മദ് കാസിമിന്‍റേയും ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇത് വരെ അതിന്‍റെ ഫലം ലഭിച്ചിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് ഈ ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും സമര്‍പ്പിക്കണമെന്നാണ് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേ ഉത്തരവ്.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദേശം. ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.