വൈക്കം< സാതന്ത്ര്യസമര പോരാട്ടത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്നത് വൈക്കം സത്യഗ്രഹമാണെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാടനുബന്ധിച്ച് കെപിസിസി നേതൃത്വത്തില്‍ വൈക്കം കായലോര ബീച്ചിലെ ടി.കെ. മാധവന് നഗറില്‍ സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ധ്വംസനം നടത്തി കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യഗ്രഹത്തിന്റെ മാത്രം പ്രചോദനം മതിയെന്നും ഖാര്‍ഗെ പറഞ്ഞു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നാനാജാതി മതസ്ഥര്‍ അഹിംസയിലൂടെ ത്യാഗപൂര്‍ണമായി നേടിയെടുത്ത ജനാധിപത്യ സ്വതന്ത്രത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ഓരോ ദിവസവും ബിജെപിയും സംഘപരിവാര്‍ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അദാനിയുമായിട്ടുള്ള ബന്ധം ലോക്സഭയില്‍ ചോദ്യം ചെയ്തതാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നിലെന്നും ഇതിനെ നിയമത്തിന്റെ പാതയിലൂടെ കോണ്‍ഗ്രസ് നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് വായ് കറുത്ത തുണികൊണ്ട് മൂടി കെട്ടി പ്രതിഷേധിച്ചാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, നേതാക്കളായ രമേശ് ചെന്നിത്തല, എം.എം. ഹസന്, നേതാക്കളായ ഡോ. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, നാട്ടകം സുരേഷ്, വി.പി. സജീന്ദ്രന്, എം. ലിജു, കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
സത്യഗ്രഹവുമായി ബന്ധപ്പെട്ട് കെപിസിസി നിര്‍മിച്ച ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷേത്രനഗരിയില്‍ എത്തിയത്.