തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ വെറുതെവിടാൻ കാരണം അന്വേഷണത്തിലുള്ള പാളിമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവം നടന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ പോലും സ്ഥലത്തെത്തിയിട്ടില്ല. പിറ്റേന്ന് എത്തിയെങ്കിലും പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ തയാറായിരുന്നില്ല. പീന്നിട് തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണത്തിലെ പിഴവുകൾ മുഴുവനും വിധിന്യായം പുറപ്പെടുവിടച്ച ജഡിജി കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫൊറൻസിക് തെളിവുകൾ ഉണ്ടായിരുന്നില്ല. വിരലടയാള വിദഗ്ധരെ കൊണ്ടുവന്ന് യാതൊരു തെളിവെടുപ്പോ ഒന്നും നടത്തിയിരുന്നില്ല. തൂക്കിക്കൊല്ലാൻ ഉപയോഗിച്ച വസ്ത്രം അലമാരിയിൽ നിന്നും എടുത്തെന്ന് പ്രോസിക്യൂഷൻ പറയുമ്പോൾ അതിനെ സാധുകരിക്കുന്ന യാതൊരു തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നില്ല. ഇതെല്ലാം നോക്കുമ്പോൾ തന്നെ അറിയാം എത്ര ലാഘവത്തോടു കൂടിയാണ് കേരള പൊലീസ് കൈകാര്യം ചെയ്തതെന്ന്.
പാർട്ടിയുമായി ബന്ധപ്പെട്ട പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. സർക്കാരും പൊലീസും സ്വന്തം ആളുകൾക്കു വേണ്ടി എന്തും ചെയ്തുകൊടുക്കുമെന്നു വീണ്ടും അടിവരയിട്ട് പറയേണ്ട സാഹചര്യമാണ്. മനപൂർവ്വമാണ് പ്രതിയെ രക്ഷപ്പെടാൻ പൊലീസ് സഹായിച്ചത്. ഇതിന്‍റെ പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകൾ അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.