വി.ഡി. സതീശൻ 
Kerala

അൻവറിനെ സ്വീകരിക്കാനുള്ള സാധ്യത തള്ളാതെ സതീശൻ

തിരുവനന്തപുരം: പി.വി. അൻവറിനെ യുഡിഎഫ് സ്വീകരിക്കാനുള്ള സാധ്യത തള്ളാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിലേക്ക് വന്നാല്‍ അന്‍വറിനെ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സതീശന്‍റെ മറുപടി.

ഇക്കാര്യത്തിൽ ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ ആകില്ല. ചര്‍ച്ച നടത്തേണ്ട സമയത്ത് നടത്തും. അന്‍വര്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പോയി കാണും. അതില്‍ തെറ്റില്ലെന്നും സതീശന്‍ പറഞ്ഞു.

കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുന്നതാണ് സിപിഎമ്മിന്‍റെ രീതി. പാർട്ടി വിട്ട് പുറത്തുപോയാല്‍ അപ്പോള്‍ നടപടിയെടുക്കും. ഇത് കാട്ടുനീതിയാണ്. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ ആളുകള്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും സതീശന്‍ പറഞ്ഞു.

പി.വി. അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് അനുമതി നല്‍കിയത് സൂചിപ്പിച്ചായിരുന്നു പ്രതികരണം.

ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഇരുന്നുകൊണ്ടാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്ത് നീതി ന്യായമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനുള്ളിലും പാര്‍ട്ടിയിലും നടന്ന കാര്യങ്ങളെല്ലാം പറയുകയാണ്. ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഇതോടെ പ്രതിപക്ഷത്തിന്‍റെ വിശ്വാസ്യത കൂടിയെന്നും സതീശന്‍ പറഞ്ഞു.

എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും

വലിയ ശബ്ദം കേട്ട് ആരും പേടിക്കേണ്ട; കവചം മുന്നറിയിപ്പ് സൈറൺ പരീക്ഷണം ചൊവ്വാഴ്ച

മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; ആരോപണം തുടർന്ന് അൻവർ

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങുകൾ; തിരുവനന്തപുരം മൃഗശാലയ്ക്ക് ചൊവ്വാഴ്ച അവധി

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം; 6 പള്ളികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി