വാഹനത്തിന്‍റെ തകരാറുകള്‍ പരിഹരിക്കാത്തതിൽ സര്‍വീസ് സെന്‍ററിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി  
Kerala

വാഹനത്തിന്‍റെ തകരാർ പരിഹരിച്ചില്ല; സര്‍വീസ് സെന്‍റര്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: പല പ്രാവശ്യം വാഹനം കാണിച്ചിട്ടും തകരാറുകള്‍ പരിഹരിക്കാത്തതിനാല്‍ സര്‍വീസ് സെന്‍റര്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉടമ പല തവണ വാഹനം സര്‍വീസ് സെന്‍ററില്‍ എത്തിച്ചെങ്കിലും ഗിയര്‍ ബോക്സിന്‍റെ തകരാര്‍ ഫലപ്രദമായി പരിഹരിക്കാത്തത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പറഞ്ഞു.

ഇടപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വാഹന സര്‍വീസ് ദാതാക്കളായ ടി.വി. സുന്ദരം അയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം, ഏലൂര്‍ സ്വദേശി ജോണ്‍സണ്‍ ടി.വി. സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ജീവിതമാര്‍ഗം എന്ന നിലയിലാണ് പരാതിക്കാരന്‍ മഹേന്ദ്രയുടെ പെട്ടി ഓട്ടോറിക്ഷ വാങ്ങിയത്. ഗിയര്‍ബോക്സില്‍ തുടര്‍ച്ചയായി തകരാര്‍ കണ്ടു. പലപ്രാവശ്യം അംഗീകൃത സര്‍വീസ് സെന്‍ററില്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടി പരാതിക്കാരന്‍ ചെന്നു. സര്‍വീസിന്‍റെ തുക നല്‍കിയിട്ടും ഗിയര്‍ ബോക്സിന്‍റെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടര്‍ന്ന് മറ്റൊരു വര്‍ക്ക് ഷോപ്പില്‍ 91,20 രൂപ നല്‍കി ഗിയര്‍ ബോക്സിന്‍റെ തകരാര്‍ പരിഹരിച്ചു.

വാഹനത്തിന്‍റെ തകരാര്‍ ഫലപ്രദമായി പരിഹരിക്കുന്നതില്‍ എതിര്‍കക്ഷികളുടെ ഭാഗത്ത് ന്യൂനതയുണ്ടായതായി ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബഞ്ച് നിരീക്ഷിച്ചു. 35,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരനു നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ജോര്‍ജ് സൈമണ്‍ ഹാജരായി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം