കൊച്ചി: ലൈംഗികാതിക്രമങ്ങൾ സ്ത്രീകൾക്കെതിരേ മാത്രമല്ല, പുരുഷന്മാർക്ക് എതിരേയുമുണ്ടെന്ന് കേരള ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പുരുഷന്മാർ ആക്രമിക്കപ്പെടാനുള്ള സാധ്യത അവഗണിക്കാനാവില്ലെന്നും, പോക്‌സോ കേസുകളില്‍ ആണ്‍കുട്ടികള്‍ ഇരകളാകുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിരീക്ഷിച്ചു.
ലൈംഗികാതിക്രമത്തിന് ഇരയായവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകളെ മാത്രം വിളിക്കുന്ന പ്രോട്ടോക്കോൾ ചോദ്യം ചെയ്ത് ഒരു ഡോക്ടർ നൽകിയ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. അതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈംഗിക അതിക്രമം പെണ്‍കുട്ടികൾക്കെതിരേ മാത്രം ഒതുങ്ങുന്നില്ല. മിക്ക കേസുകളിലും ഇരകൾ പെൺകുട്ടികളായിരിക്കും. ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ 99 ശതമാനവും സ്ത്രീകളാണ്. എന്നിരുന്നാലും, പോക്‌സോ നിയമത്തിനു കീഴിലുള്ള കേസുകളിൽ ആൺകുട്ടികൾ ഇരകളാകുന്നത് വർധിച്ചിട്ടുണ്ട്.
നിലവിലുള്ള നിയമം തെറ്റാണെന്ന് തോന്നുന്നില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും പരിഹരിക്കാനാകുമെന്ന് കരുതുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മാര്‍ച്ച് 5 ന് കേസ് വീണ്ടും കേള്‍ക്കും.
അഭിഭാഷകരായ ശ്യാം പത്മൻ, സി എം ആൻഡ്രൂസ്, ബോബി എം ശേഖർ, ലയ മേരി ജോസഫ്, നിച്ചു വില്ലിംഗ്ടൺ, അശ്വതി ശ്യാം, സ്വാതി സുധീർ, റാം മോഹൻ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.