Representative image of voters list checking 
Kerala

സെപ്റ്റംബർ 23 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ എട്ടിനും അന്തിമ പട്ടിക ഒക്റ്റോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.

2020 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണു മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനുമാണു സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്. തദ്ദേശ ഉപതെരഞ്ഞടുപ്പിനും 2025 ലെ പൊതു തെരഞ്ഞൈടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.

പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും sec.kerala.gov.in സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫിസർക്ക് നൽകണം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമർപ്പിക്കാം.941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളും ഉൾപ്പെടെ 19,489 വാർഡുകളിലെ വോട്ടർ പട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫിസർ. ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരേ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്‍റ് ഡയറക്ടറാണ് അപ്പീൽ അധികാരി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു