കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 174 ആയി. മരിച്ചവരിൽ 88 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി.
ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ കുട്ടികളെക്കൂടാതെ 860 പേര്‍ മുണ്ടക്കൈയിലുണ്ടായിരുന്നതായാണ് ഏകദേശ കണക്ക്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും ഇതുകൂടാതെയുണ്ടാകും. കുടുങ്ങിക്കിടന്ന ഇരുന്നോറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തസ്ഥലത്ത് 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ൽ അധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.
രക്ഷാപ്രവർത്തിന്‍റെ രണ്ടാം ദിനവും കരളലിയിക്കുന്ന കാഴ്ച്ചകളാണ് മുണ്ടക്കൈയിൽ നിന്നു പുറത്തു വരുന്നത്. മണ്ണ് മൂടിയ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലും കട്ടിലിൽ കിടക്കുന്ന നിലയിലുമെല്ലാമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.