മേപ്പടി: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേക്ക് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവരെയാണ് എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചത്. ദുരന്തമേഖലയിൽ അതീവസാഹസികമായാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. മണ്ണിനടിയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. നിലവിൽ 3000ത്തിൽ പരം ആളുകളെ വിവിധ ക്യാംപുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. 45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് ഉടൻ ജോലിയിൽ തിരിച്ച് പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 34 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.
18 മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടു കൊടുത്തു. 128 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ദുരന്തം നടന്ന് 13 മണിക്കൂറിനു ശേഷമാണ് രക്ഷാസംഘത്തിന് പ്രദേശത്തെത്താൻ സാധിച്ചത്.