വയനാട്: വയനാടിനോടും ദുരന്തബാധിതരായ ജനങ്ങളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് നവംബർ 19 ന് ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയാണ് യുഡിഎഫിന്‍റെ ഹർത്താൽ, എന്നാൽ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. പുനരധിവാസം വൈകുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും, കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം നിഷേധാത്മകമാണെന്നും ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി 3 മാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണ് കേന്ദ്രത്തിന്‍റേത്. ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സഹായത്തിനും പുനരധിവാസത്തിനും മറ്റ് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നാണ് എന്നാല്‍ കേന്ദ്രം നല്‍കുന്ന മറുപടയില്‍ നിന്ന് വ്യക്തമാകുന്നത് പ്രധാനമന്ത്രി നല്‍കിയത് വെറും പാഴ്‌വാക്കാണ്.