#എ.എൻ. രാധാകൃഷ്ണന്, ബിജെപി ഉപാധ്യക്ഷൻ
ഭാരതത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി വഹിച്ച പങ്കു പോലെയാണ് നവഭാരത സൃഷ്ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്. കോടിക്കണക്കിനു യുവാക്കളുടെ സാമ്പത്തിക സ്വാതന്ത്ര്യ മോഹത്തിന്, വികസന സ്വപ്നങ്ങൾക്ക്, സ്വാശ്രയ ഭാരത സങ്കല്പത്തിന് മോദി മൂർത്തരൂപം നൽകുകയും അതിന് ഊർജം നൽകുന്ന മാർഗദർശിയായി മാറുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭാരതം ഇന്ന് ലോകത്തിന്റെ സർവ ഉത്പന്ന വളർച്ചയുടെയും ഗതിവേഗം നിശ്ചയിക്കുന്ന ശക്തിയായി. ലോകരാജ്യങ്ങൾ ഭാരതത്തെ പല കാര്യങ്ങളിലും ഉറ്റുനോക്കുന്നു. ഇത് ആകസ്മികമോ അത്ഭുതമോ അല്ല, മറിച്ച് പടിപടിയായി അദ്ദേഹം കൊണ്ടുവന്ന നയം മാറ്റങ്ങളുടെ ആകെത്തുകയാണ്. ലോകത്തു തന്നെ ഏറ്റവും കൂടിയ 7 ശതമാനം എന്ന വളർച്ചാ നിരക്കിൽ എത്തിയതും, മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 3.35 ട്രില്യൺ ഡോളർ ആയതും, ജിഎസ്ടി വരുമാനം ഒന്നരലക്ഷം കോടിക്ക് മുകളിലായതും, കറന്റ് അക്കൗണ്ട് മൈനസ് 2 എന്ന നിലയിൽ വന്നതും, ഫോറെക്സ് റിസർവ് 600 ബില്യൺ ഡോളറിനടുത്ത് എത്തിയതും ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതത്തിന്റെ നില അത്ഭുതമാം വണ്ണം ഉയരത്തിലാക്കി.
രാജ്യത്തെ അടിസ്ഥാന ഉല്പാദന മേഖലയായ കൃഷിയിലും വാർഷിക വളർച്ച 3.5 ശതമാനം എന്ന ശക്തമായ നിരക്കിൽ ഉയർന്നു. ആഭ്യന്തര ആവശ്യങ്ങൾക്കു പുറമെ കയറ്റുമതിക്കും കൃഷി മേഖല പ്രാപ്യമായി. ലോക കാർഷിക ഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം പാൽ, ധാന്യങ്ങൾ, ജൂട്ട് എന്നിവയിൽ ഒന്നാമതും, അരി, ഗോതമ്പ്, പച്ചക്കറി, പഴവർഗങ്ങൾ, കരിമ്പ്, പഞ്ഞി എന്നിവയിൽ രണ്ടാം സ്ഥാനത്തുമാണ്. കർഷകരുടെ വരുമാനത്തിലെ കുതിച്ചുചാട്ടം ആഭ്യന്തര വിപണിയിൽ വികസനത്തിന്റെ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചത്.
ഇരുചക്രവാഹനങ്ങളുടെ ഉത്പാദനം 1.5 കോടിയായും, നാലുചക്ര വാഹനങ്ങളുടേത് 30 ലക്ഷവുമായി വർധിച്ചു. ദേശീയ പാതകൾ, റെയ്ൽ, വ്യോമയാന, ജലഗതാഗത രംഗത്തെല്ലാം വലിയ മുന്നേറ്റം പ്രകടമാണ്. മുദ്ര ബാങ്ക് ലോൺ, ജൻ ഔഷധി ഒക്കെ മറ്റൊരു വലിയ വിപ്ലവമാണ്. ഇതെല്ലാം രാജ്യത്തെ തൊഴിൽ മേഖലയിലും വലിയ കുതിപ്പുണ്ടാക്കി. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവയിലെ കുതിച്ചുചാട്ടം വേറെ.
ഈ വികസന മാതൃക കേരളത്തിലെ യുവാക്കൾ കാണുന്നുണ്ട്. വികസനത്തിന്റെ പ്രത്യക്ഷദർശനമായി എത്തിയ നാഷണൽ ഹൈവേകളുടെ ത്വരിത ഗതിയിലെ വികസനവും, വന്ദേഭാരത് ട്രെയ്നുകളുടെ സേവനവും സമൂഹത്തിലെ സാധാരണക്കാരും മധ്യവർഗക്കാരുമായ മലയാളികൾ സ്വാഗതം ചെയ്തുകഴിഞ്ഞു. കർഷക പെൻഷനും, കാർഷിക സബ്സിഡിയും, അന്ത്യോദയ- മുൻഗണനാ വിഭാഗത്തിൽപ്പെട്ട 1.54 കോടി (ഭാരതത്തിൽ 81.35 കോടി ജനങ്ങൾക്കും) ജനങ്ങൾക്കു സൗജന്യ നിരക്കിൽ 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യവും മോദി സർക്കാർ കേരളത്തിനു നൽകുന്നു.
ഈ വികസന മാതൃകകളെല്ലാം യുവാക്കൾ കാണുന്നുണ്ട്. ഇന്ന് വിദ്യാഭ്യാസത്തിനായും തൊഴിലിനായും വ്യവസായത്തിനായും കേരളം വിട്ടുപോകുന്ന യുവതീയുവാക്കളുടെ പ്രതീക്ഷയും പ്രത്യാശയും നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന ഈ വികസനത്തിന്റെ പ്രത്യയശാസ്ത്രത്തിലാണ്. സെമി ഹൈ സ്പീഡ് വന്ദേഭാരത് എക്സ്പ്രസിനോടൊപ്പം മോദി യുഗത്തിലേക്കുള്ള ഭാവി കേരളത്തിന്റെ ഉഗ്രവേഗതയിലുള്ള പ്രയാണമാണ് ഇനി കാണുവാൻ പോകുന്നത്. മോദിയുടെ ഈ സന്ദർശനവും ലക്ഷം യുവാക്കളുമായുള്ള സംവാദമായ ഇന്നത്തെ "യുവം' പരിപാടിയും അതിന്റെ നാന്ദികുറിക്കലാണ്.